വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കരുത്; കര്‍ശന നിര്‍ദേശവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്



ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും ഫോണ്‍ നമ്പറുകളും വിലാസമുള്‍പ്പടെയുള്ള വിവരങ്ങളും സ്‌കൂളുകളില്‍ നിന്ന് പുറത്ത് പോകുന്നതിനെതിരെ കര്‍ശന വിലക്കുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. 


സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്/അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും ഫോണ്‍ നമ്പറും വിലാസവും സ്വകാര്യ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും പക്കലെത്തുന്നതായും അവ ദുരുപയോഗം ചെയ്യപ്പെടുന്നതായും


പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ഫോണ്‍ നമ്പര്‍, വിലാസം എന്നിവ സ്‌കൂളുകളില്‍ നിന്ന് സ്വകാര്യ വ്യക്തികള്‍ക്കും ഏജന്‍സികള്‍ക്കും പരിശീലന സ്ഥാപനങ്ങള്‍ക്കും നല്‍കരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ പറയുന്നു. 


പത്താംതരം കഴിയുന്നതോടെ വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ ശേഖരിച്ച് സ്വകാര്യ സ്ഥാപനങ്ങള്‍ ക്യാന്‍വാസിങ് നടത്താറുണ്ട്. 


വിദേശ പഠനം ഉള്‍പ്പടെ വാഗ്ദാനം ചെയ്ത് തട്ടിപ്പുകളും നടക്കാറുണ്ട്. ട്യൂഷന്‍ കേന്ദ്രങ്ങള്‍ക്ക് മുതല്‍ വിവിധ പ്രൊഫഷനല്‍ കോഴ്‌സുകളുടെ പരിശീലന കേന്ദ്രങ്ങള്‍ വരെ ഇത്തരത്തില്‍ വിവരങ്ങള്‍ ശേഖരിക്കാറുണ്ട്. 

സ്‌കൂളുകളിലുള്ള ബന്ധമുപയോഗിച്ചാണ് വിവരങ്ങള്‍ തരപ്പെടുത്തുക.


വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും നിരന്തരം ബന്ധപ്പെട്ട് തങ്ങളുടെ സ്ഥാപനത്തില്‍ അഡിമിഷന്‍ എടുപ്പിക്കുന്നതിനാണ് ഇത് ഉപയോഗപ്പെടുത്താറുള്ളത്. ഇവ പിന്നീട് ദുരുപയോഗപ്പെടുത്തിയ സംഭവങ്ങളും പലതവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 


ഇത്തരം സംഭവങ്ങളിലെ പൊലീസ് അന്വേഷണങ്ങളില്‍ നമ്പറുകള്‍ തരപ്പെടുത്തിയത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നാണെന്ന് കണ്ടെത്തിയിരുന്നു.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha