| രാമനാട്ടുകര |
▶️ കൃഷിഭൂമി വിട്ടു കൊടുത്ത് പതിറ്റാണ്ട് പൂർത്തിയായിട്ടും കോടതി വിധിച്ച നഷ്ട പരിഹാരം പൂർണമായും ലഭിക്കാത്തതിനാൽ കിൻഫ്ര നോളജ് പാർക്കിനുവേണ്ടി അക്വയർ ചെയ്ത ഒരേക്കർ 78 സെന്റ് ഭൂമി ജപ്തിചെയ്യാൻ ഉത്തരവ്. ഭൂവുടമകളായ എം.പി. ഇന്ദിര, അബ്ദുൽ ഹാബിദ്, അയിലാളത്ത് ബാബുരാജൻ എന്നിവരുടെ ഹർജിയിലാണ് കോഴിക്കോട് പ്രിൻസിപ്പൽ സബ് ജഡ്ജി കെ. പ്രിയ ഉത്തരവിറക്കിയത്. മൂന്നു കേസുകളിലായി മൊത്തം കോടതിവിധി തുകയായ 7.78 കോടി രൂപ വസൂലാക്കാനാണ് കിൻഫ്രയുടെ കൈവശമുള്ള ഭൂമി ജപ്തിചെയ്യാൻ ഉത്തരവിട്ടത്.
കിൻഫ്ര ഏറ്റെടുത്ത ഭൂമിയിലെ അഞ്ചുനില കെട്ടിടത്തിന്റെ മുന്നിലും സമീപത്തുമായുള്ള സ്ഥലമാണിത്. ഉത്തരവ് നടപ്പായാൽ കിൻഫ്ര നോളജ് പാർക്കിന്റെ മുഖഭാഗം നഷ്ടപ്പെടും.
ഭൂമി ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാരത്തുക സംബന്ധിച്ച് മന്ത്രിതല യോഗത്തിൽ അന്തിമ ധാരണയായതായിരുന്നു. ഇതനുസരിച്ച് മീഡിയേഷൻ സെറ്റിൽമെന്റിൽ തീരുമാനിച്ചതുപ്രകാരം അഞ്ച് ശതമാനം കുറവുവരുത്തിയ നഷ്ടപരിഹാരത്തുകയും 2020 ജനുവരി 30 വരെയുള്ള പലിശയും സ്ഥലമുടമകൾക്ക് ലഭിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ അന്തിമ ധാരണയിലെത്തിയിരുന്നു. എന്നാൽ, മന്ത്രിസഭായോഗത്തിൽ തീരുമാനം ആകാത്തതിനാൽ ഇത് പ്രായോഗികമായില്ല.
22-ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ വിഷയം അജൻഡയായെടുത്ത് തീരുമാനം വന്നില്ലെങ്കിൽ തുടർനടപടി ആലോചിക്കാനാണ് ഭൂവുടമകളുടെ തീരുമാനം.
കിൻഫ്ര നോളജ് പാർക്ക് സ്ഥാപിക്കുന്നതിന് 2008-ലാണ് രാമനാട്ടുകരയിൽ 80 ഏക്കർ സ്ഥലം ഏറ്റെടുക്കാൻ ഉത്തരവായത്. ഇതിൽ 76.66 ഏക്കർ 2010-ൽ ഏറ്റെടുത്തു. അന്ന് ഭൂമിയുടെ ന്യായവിലയുടെ പത്തിലൊന്ന് തുകമാത്രമാണ് സർക്കാർ നൽകിയിരുന്നത്.
Post a Comment
Thanks