സ്കൂളുകളിൽ ഇന്ന് മുതൽ യൂനിഫോം നിർബന്ധമാക്കിയതോടെ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിൽ. സ്കൂൾ തുറക്കുന്ന സമയത്ത് പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്ത് യൂനിഫോം നിർബന്ധമില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ, പ്രവൃത്തി ദിനം തുടങ്ങി ഒരു മാസം പിന്നിടുമ്പോൾ പെട്ടെന്ന് യൂനിഫോം നിർബന്ധമാക്കിയത് രക്ഷിതാക്കളെ ദുരിതത്തിലാഴ്ത്തിയിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ബഹുഭൂരിപക്ഷം കുടുംബങ്ങളേയും പ്രയാസത്തിലാക്കുന്ന നടപടിയാണിതെന്ന് പരാതിയുണ്ട്.
യൂനിഫോം നിർബന്ധമില്ലെന്ന് പറഞ്ഞതിനാൽ രക്ഷിതാക്കൾ ഇതേക്കുറിച്ച് ആലോചിച്ചിരുന്നില്ല. മന്ത്രിയുടെ പ്രഖ്യാപനം വന്നതോടെ പെട്ടെന്ന് യൂനിഫോം എങ്ങനെ വാങ്ങും എന്ന ആശങ്കയിലാണ് പലരും. സ്കൂളുകളിൽനിന്നുള്ള യൂനിഫോം വിതരണ കാര്യത്തിലും തീരുമാനമായിട്ടില്ല.
യൂനിഫോമിനായുള്ള സർക്കാർ ഫണ്ട് വിതരണം തീരുമാനമാകാതെ കിടക്കുന്ന സമയത്ത് പെട്ടെന്ന് നിർബന്ധമാക്കിയ സർക്കാർ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാണ്. രണ്ടു വർഷം മുമ്പ് എടുത്ത യൂനിഫോം വസ്ത്രങ്ങൾ നിലവിൽ കുട്ടികൾക്ക് ഉപയോഗിക്കാൻ കഴിയുകയില്ല.
കൂലിപ്പണി പോലും പ്രതിസന്ധിയിലായ സമയത്തെ നിർബന്ധ തീരുമാനം ബഹുഭൂരിപക്ഷം പേർക്കും തിരിച്ചടിയാണ്. ഈ അധ്യയന വർഷം തീരാൻ മാസങ്ങൾ മാത്രം നിലനിൽക്കെയുള്ള നടപടിയാണ് വിവാദമാകുന്നത്.
പുതിയത് വാങ്ങിയാലും പല കുട്ടികളും അടുത്ത ക്ലാസിലെത്തുമ്പോൾ യൂനിഫോം മാറുന്ന അവസ്ഥയുണ്ട്. ഏതാനും മാസത്തേക്ക് പുതിയ യൂനിഫോം വാങ്ങുന്നത് ഇവർക്ക് പാഴ്ചെലവാകും.
Post a Comment
Thanks