രണ്ടാഴ്ചക്കുള്ളില്‍ വില കുറയും; ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി നേരിട്ട് സംഭരിക്കുമെന്ന് മന്ത്രി

 


രണ്ട് ആഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്ത് പച്ചക്കറി വില കുറയ്ക്കാനാകുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. ഇടനിലക്കാര്‍ ഇല്ലാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ നേരിട്ട് പച്ചക്കറി സംഭരിക്കും. തെങ്കാശിയില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. കര്‍ഷക സംഘങ്ങളില്‍ നിന്ന് നേരിട്ടായിരിക്കും സര്‍ക്കാര്‍ പച്ചക്കറി വാങ്ങുക. തദേശീയ പച്ചക്കറികള്‍ വിപണിയില്‍ സുലഭമാക്കുന്നതിനുള്ള ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ട്. ആവശ്യമെങ്കില്‍ ഹോര്‍ട്ടികോര്‍പ്പിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് രണ്ടാഴ്ചയായി പച്ചക്കറി വില കുതിച്ചുയരുകയാണ്. തമിഴ്നാട്ടിലും മറ്റ് അയല്‍ സംസ്ഥാനങ്ങളിലും പെയ്ത മഴയാണ് വിലക്കയറ്റത്തിന് കാരണം. രണ്ടാഴ്ച മുമ്പ് 60 രൂപമുണ്ടായിരുന്ന തക്കാളി വില ഉയര്‍ന്ന് 120 വരെ എത്തി. പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനയ്ക്കൊപ്പം നിത്യോപയോഗ സാധനങ്ങള്‍ക്കും വില കൂടിയതോടെ സാധാരണക്കാരന്റെ കുടുംബ ബജറ്റിന്റെ താളം തെറ്റി.



ഇതിനിടെ സാധാരണക്കാരന് ഇരുട്ടടി നല്‍കി നിത്യോപയോഗ സാധനങ്ങളുടെ സപ്ലൈകോ വില വര്‍ധിപ്പിച്ചു. അരി ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ക്ക് വില കൂടി. സബ്സിഡി ഇല്ലാത്ത സാധനങ്ങള്‍ക്ക് വന്‍ വില വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ 13 ഇനം സാധനങ്ങളാണ് സപ്ലൈകോ സബ്‌സിഡി നിരക്കില്‍ നിശ്ചിത അളവില്‍ നല്‍കുന്നത്. ഇതിന് പുറമെ വാങ്ങുന്ന സാധനങ്ങള്‍ക്കാണ് വില വര്‍ധന ഉണ്ടായിരിക്കുന്നത്. പല സാധനങ്ങള്‍ക്കും പത്ത് മുതല്‍ 25 രൂപ വരെ വില വര്‍ധിച്ചു.

കുറുവ അരിക്ക് ഏഴ് രൂപ കൂടി. 28 രൂപ ആയിരുന്ന മട്ട അരിയുടെ വില 31ആയി. വറ്റല്‍ മുളക് വില 112 ല്‍ നിന്ന് 134 രൂപയിലെത്തി. ചെറുപയറിന് 84 രൂപയില്‍ നിന്ന് 98 ആയും, ചെറുപയര്‍ പരിപ്പിന് 105 ല്‍ നിന്ന് 116 ആയും വില ഉയര്‍ന്നു. മല്ലിയുടെയും കടുകിന്റെയും വില കഴിഞ്ഞയാഴ്ച 106 ആയിരുന്നത് 110ലെത്തി. 100 രൂപയായിരുന്ന ഉഴുന്നിന് നാല് രൂപയും, 76 രൂപ ആയിരുന്ന പരിപ്പിന് ആറ് രൂപയും കൂടി. കഴിഞ്ഞ പത്ത് ദിവസത്തിനിടെ രണ്ടാം തവണയാണ് സപ്ലൈകോ വില വര്‍ധിപ്പിക്കുന്നത്. അതേസമയം സാധാരണക്കാരെ വിലക്കയറ്റം ബാധിക്കാതിരിക്കാന്‍ ഇടപെടുമെന്ന് ഭക്ഷ്യ മന്ത്രി ജിആര്‍ അനില്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു

വിപണിയില്‍ അടുത്തിടെ വിലവര്‍ധന രൂക്ഷമായപ്പോള്‍ സപ്ലൈകോ സംസ്ഥാന വ്യാപകമായി സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകള്‍ വഴി സബ്സിഡി സാധനങ്ങള്‍ വിതരണം ചെയ്തിരുന്നു. വില പിടിച്ചുനിര്‍ത്താന്‍ ഇടപെടേണ്ട സപ്ലൈകോ തന്നെ വില വര്‍ധിപ്പിക്കുന്നത് പൊതുവിപണിയേയും സ്വാധീനിക്കുമെന്ന ആശങ്ക ശക്തമാണ് എന്നാല്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഇതുവരെ സബ്സിഡി ഇനങ്ങള്‍ക്ക് വില കൂട്ടിയിട്ടില്ലെന്നതാണ് മന്ത്രിയുടെ പ്രതികരണം.


Post a Comment

Thanks

Previous Post Next Post
Moonniyur Vartha