| കോഴിക്കോട് |
▶️ വിനോദ സഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന സാഹസിക ടൂറിസം മേള ബേപ്പൂർ ജലോത്സവം ഡിസംബർ 26 മുതൽ 29 വരെ കോവിഡ് പ്രോട്ടോകോൾ പാലിച്ചുനടത്തുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പത്രസമ്മേളനത്തിൽ അറിയിച്ചു.
കോവിഡനന്തര ടൂറിസത്തിന് പുത്തനുണർവ് നൽകി സാഹസിക കായികപ്രേമികളെ ആകർഷിക്കുകയാണ് മേളയുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. മേളയുടെ ബ്രോഷർ പ്രകാശനം മന്ത്രി റിയാസ് റവന്യൂമന്ത്രി കെ. രാജന് നൽകി നിർവഹിച്ചു.
സെയിലിങ് രംഗത്തെ പ്രമുഖരിൽ ഇന്ത്യൻ നാവികസേനയുടെ അഭിമാന താരമായ കമാൻഡർ അഭിലാഷ് ടോമി, ക്യാപ്റ്റൻ തൃഭുവൻ ജെയ്‌സ്വാൽ, കേണൽ അലോഗ് യാദവ്, കേണൽ ഗൗതം ദത്ത, ക്യാപ്റ്റൻ വിവേക് ഷാൻബാഗ്, അരവിന്ദ് ശർമ എന്നിവർ മേളയിൽ പങ്കെടുക്കും. കർട്ടൻ റെയ്സർ ഇവന്റായി ബഷീർ കഥാപാത്രങ്ങളെ കോർത്തിണക്കി ഡിസംബർ 25-ന് നാടകം സംഘടിപ്പിക്കും.
ജല കായികമത്സരങ്ങളായ കയാക്കിങ്, സ്റ്റാൻഡപ്പ് പെഡലിങ്, ബാംബൂ റാഫ്റ്റിങ്, സെയിലിങ് രെഗെട്ട തുടങ്ങിയവയും തദ്ദേശവാസികൾക്കായുള്ള ചൂണ്ടയിടൽ, വലവീശൽ, നാടൻതോണികളുടെ തുഴച്ചിൽ മത്സരങ്ങളും ട്രഷർ ഹണ്ട് എന്നിവയും ജലോത്സവത്തിന്റെ ഭാഗമായി നടക്കും.
നാഷണൽ കൈറ്റ് ഫ്ളയിങ്, കൈറ്റ് സർഫിങ്, ഫ്ളയിങ് ബോർഡ് ഡെമോ തുടങ്ങിയ പ്രദർശനയിനങ്ങൾക്കു പുറമേ സമാപനദിവസം ബേപ്പൂർ പ്രദേശത്തെ മത്സ്യബന്ധനബോട്ടുകളുടെ പരേഡും ഉണ്ടാകും.
ഉദ്ഘാടന- സമാപന ദിവസങ്ങളിൽ വൈകീട്ട് ഇന്ത്യൻ നാവികസേനയുടെ ഹെലികോപ്റ്റർ ടീം നടത്തുന്ന സെർച്ച് ആൻഡ് റെസ്‌ക്യൂ ഓപ്പറേഷന്റെ പ്രദർശനവും നാവിക കപ്പലുകളുടെ ദീപാലങ്കാരവും ഉണ്ടാകും. ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡോർനിയർ വിമാനത്തിന്റെ ഫ്ളൈ പാസ്റ്റും നാവിക കോസ്റ്റ്ഗാർഡ് ബാൻഡിന്റെ പ്രകടനവും ഇതിന്റെ ഭാഗമാണ്. ഈ ദിവസങ്ങളിൽ നാവിക കോസ്റ്റ്ഗാർഡ് കപ്പലുകൾ സന്ദർശിക്കുന്നതിന് പൊതുജനങ്ങൾക്ക് ബേപ്പൂർ തുറമുഖത്ത് അവസരമൊരുക്കും.
കോഴിക്കോടിന്റെ തനതു രുചിവൈഭവങ്ങൾ വിനോദസഞ്ചാരികളെ പരിചയപ്പെടുത്തുന്നതിനായുള്ള പ്രത്യേക മെഗാഫുഡ് ഫെസ്റ്റിവലിൽ കെ.എച്ച്.ആർ.എ, കേറ്റഴ്‌സ്, ബേക്കഴ്‌സ് അസോസിയേഷനുകളുടെയും ഇന്ത്യൻ കോഫി ഹൗസ്, കുടുംബശ്രീ, തുടങ്ങിയ സ്ഥാപനങ്ങളുടെയും സ്റ്റാളുകൾ ഒരുക്കും.
കരകൗശലരംഗത്തെ പ്രഗല്‌ഭരായ സർഗാലയ, ഉറവ്, കിർത്താഡ്‌സ് തുടങ്ങിയവർ ഉൾക്കൊള്ളുന്ന ഫ്ളീ മാർക്കറ്റ് മേളയുടെ മോടികൂട്ടും. കോസ്റ്റ്ഗാർഡ്, ഫിഷറീസ്, മാരിടൈം ബോർഡ്, ടൂറിസം തുടങ്ങിയവയുടെ പ്രത്യേക പവിലിയനും ഉണ്ടാകും. ജലോത്സവം എല്ലാവർഷവും നടത്താനും തീരുമാനമായതായി മന്ത്രി അറിയിച്ചു.
കളക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി, ജില്ലാപഞ്ചായത്ത് അംഗം പി. ഗവാസ്, സബ്കളക്ടർ വി. ചെൽസസിനി, വിനോദ സഞ്ചാര വകുപ്പ് മേഖലാ ജോയന്റ് ഡയരക്ടർ സി.എൻ. അനിതാ കുമാരി തുടങ്ങിയവർ പങ്കെടുത്തു.
Post a Comment
Thanks