കോഴിക്കോട് | റേഷന്‍ കാര്‍ഡുകള്‍ അനർഹർ ഉപയോഗപ്പെടുത്തുന്നതിന് തടയിടാൻ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് പരിശോധനയും പിഴയും കർശനമാക്കന്നു.
സംസ്ഥാനത്തെ 9272 റേഷൻ കടകളിലായി 5922669 കാർഡുടമകളിൽ വലിയൊരു വിഭാഗം അനർഹർ റേഷൻ കാർഡുകൾ ഉപയോഗപ്പടുത്തി ഭക്ഷ്യവസ്തുക്കൾ നേടുന്നതായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഊർജിത പരിശോധനയും കനത്ത ശിക്ഷയും നൽകാൻ നടപടികൾ സ്വീകരിക്കുന്നത്.
ലക്ഷക്കണക്കിന് രൂപയുടെ ഭക്ഷ്യധാന്യങ്ങൾ അനർഹർ നേടുന്നുണ്ടെന്നാണ് വിവരം. റേഷൻ കാർഡിൽ രേഖപ്പെടുത്തിയതിൽനിന്ന് വ്യത്യസ്തമായി ജീവിതസാഹചര്യങ്ങളിലും സാമ്പത്തിക നിലയിലും മാറ്റമുണ്ടായിട്ടും ആയിരക്കണക്കിന് മുന്‍ഗണന കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് വിജിലൻസ് വിഭാഗം ഉദ്യോഗസ്ഥർ പറയുന്നു.
ഡിസംബർ പാതിയോടെ സംസ്ഥാനത്ത് റേഷനിങ് ഇൻസ്പെക്ടർമാർ, താലൂക്ക് സപ്ലൈ ഓഫിസർമാർ എന്നിവരിലൂടെ റേഷൻ കാർഡ് പരിശോധന കർശനമാക്കാനാണ് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് നീക്കം.
ഇതിനിടെ മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെച്ചിരിക്കുന്നവര്‍ക്ക് പൊതുവിഭാഗത്തിലേക്ക് മാറ്റാനുള്ള അവസരം നൽകുന്നുണ്ട്. മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ കൈവശമുള്ള, അര്‍ഹത നഷ്ടപ്പെട്ടവര്‍ക്ക് പിഴയും ശിക്ഷാനടപടികളുമില്ലാതെ സ്വമേധയാ കാര്‍ഡുകള്‍ തിരികെ ഏൽപിക്കാൻ ഡിസംബർ എട്ടുവരെ അവസരം നൽകാനാണ് ഭക്ഷ്യമന്ത്രി നിർദേശം നൽകിയത്. അതിനുശേഷം നടത്തുന്ന പരിശോധനയില്‍ അനര്‍ഹരെന്ന് കണ്ടെത്തുന്നവരില്‍നിന്ന് ഇതുവരെ കൈപ്പറ്റിയ റേഷന്‍ ഭക്ഷ്യധാന്യങ്ങളുടെ വിപണിവില പിഴയായി ഈടാക്കും.
2018 ൽ ഇ-പോസ് നടപ്പാക്കിയതുമുതൽ റേഷൻ വാങ്ങിയതിന്റെ കൃത്യമായ വിവരം ലഭിക്കുമെന്നതിനാൽ മരിച്ചവരുടെയും ആളുകൾ സ്ഥലത്തില്ലാത്തവരുടെയും റേഷൻ വാങ്ങിയത് പിടിക്കപ്പെട്ടാൽ വൻ പിഴതന്നെ ഒടുക്കേണ്ടിവരും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖലാ-സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വിസ് പെന്‍ഷന്‍കാര്‍, ആദായനികുതി അടക്കുന്നവര്‍ തുടങ്ങിയവര്‍ മുൻഗണന കാര്‍ഡ് സറണ്ടര്‍ ചെയ്തില്ലെങ്കിൽ പിഴയൊടുക്കേണ്ടിവരും.
പ്രതിമാസം 25,000 രൂപയില്‍ കൂടുതല്‍ വരുമാനമുള്ള കുടുംബങ്ങള്‍, ഒരേക്കറിലധികം ഭൂമിയുള്ളവര്‍, 1,000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടോ ഫ്ളാറ്റോ ഉള്ളവര്‍, നാല് ചക്ര വാഹനം സ്വന്തമായുള്ളവര്‍ എന്നിവരും ഇതില്‍പ്പെടും. വിദേശത്തോ സ്വകാര്യ സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്ന കുടുംബാംഗത്തിന് പ്രതിമാസം 25,000 രൂപയില്‍ കൂടുതല്‍ വരുമാനമുണ്ടെങ്കിലും മുന്‍ഗണനാ കാര്‍ഡിന് അര്‍ഹതയുണ്ടാകില്ല. എന്നാൽ, നിശ്ചിത വിഭാഗങ്ങള്‍ക്ക് മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. വിദേശത്ത് ജോലിചെയ്യുന്നവരുടെയും പേരിൽ റേഷൻ ആനുകൂല്യം നേടുന്ന കാർഡ് ഉടമയും പിടിയിലാകും. കാര്‍ഡിന്റെ വിഭാഗം മാറ്റുന്നതിന് താലൂക്ക് സപ്ലൈ ഓഫീസിലാണ് അപേക്ഷ നൽകേണ്ടത്.

Post a Comment
Thanks