തിരൂരങ്ങാടി : വൈദ്യുത പോസ്റ്റിന്റെ സ്റ്റേ വയറിൽനിന്ന് ഷോക്കേറ്റ് 14 വയസ്സുകാരനായ ജുനൈദ് മരിച്ച സംഭവത്തിൽ പൊതുജനങ്ങളോട് മാപ്പ് പറഞ്ഞ് കെ.എസ്.ഇ.ബി. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ദുരന്തമാണ് ഉണ്ടായതെന്നും ജുനൈദിന്റെ വേർപാടിൽ അതീവ ദുഃഖമുണ്ടെന്നും കെ.എസ്.ഇ.ബി മാനേജ്മെന്റ് അറിയിച്ചു.
പൊതുജനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് കെ.എസ്.ഇ.ബി ഏറ്റവും വലിയ പ്രാധാന്യം നൽകുന്നതെന്നും ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അപകടത്തിന് ഇടയാക്കിയ സാഹചര്യം തിരൂർ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ നിഷ്പക്ഷമായും കൃത്യമായും അന്വേഷിക്കും. അന്വേഷണത്തിൽ ഉത്തരവാദികളെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
സംസ്ഥാനത്തെ വൈദ്യുതി ലൈനുകളെല്ലാം പട്രോളിങ് നടത്തി അപകടസാധ്യതകൾ കണ്ടെത്തി പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കും. വൈദ്യുതി സംബന്ധമായ അപകടസാധ്യതകൾ ശ്രദ്ധയിൽപ്പെട്ടാൽ ഫോട്ടോയും വിശദാംശങ്ങളും 9496010101 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യണമെന്ന് ഉപഭോക്താക്കളോട് കെ.എസ്.ഇ.ബി അഭ്യർത്ഥിച്ചു.
ഇത്തരം ദുരന്തങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും ആത്മാർത്ഥമായി സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയ കെ.എസ്.ഇ.ബി, ജുനൈദിന് ആദരാഞ്ജലികൾ അർപ്പിക്കുകയും മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും പേരിൽ ജുനൈദിന്റെ മാതാപിതാക്കളോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും പൊതുജനങ്ങളോടും ഒരിക്കൽക്കൂടി മാപ്പ് ചോദിക്കുകയും ചെയ്തു.

Post a Comment
Thanks