തേഞ്ഞിപ്പലം ഹൈവേ പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ 3.870 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. ഇയാൾ സഞ്ചരിച്ച കാറിൽ നിന്ന് രേഖകളില്ലാത്ത 63,000 രൂപയും പോലീസ് കണ്ടെടുത്തു.
ചേലേമ്പ്ര ഐക്കരപ്പടി സ്വദേശി പുതിയാളത്തിൽ വീട്ടിൽ മുഹമ്മദ് ഷമീം (28) ആണ് അറസ്റ്റിലായത്. ദേശീയപാതയിൽ കോഴിക്കോട് - മലപ്പുറം ജില്ലാ അതിർത്തിക്കടുത്തുള്ള സ്പിന്നിങ് മിൽ എന്ന സ്ഥലത്തു വെച്ചാണ് പ്രതി പിടിയിലായത്.
പോലീസിനെ കണ്ടപ്പോൾ യുവാവിനുണ്ടായ ഭാവമാറ്റത്തിൽ സംശയം തോന്നിയ ഹൈവേ പോലീസ് സബ് ഇൻസ്പെക്ടർ ശശി കുണ്ടറക്കാടൻ വാഹനം വിശദമായി പരിശോധിച്ചപ്പോഴാണ് പണവും മാരക ലഹരിമരുന്നായ എം.ഡി.എം.എയും കണ്ടെത്തിയത്.
ഹൈവേ പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് തേഞ്ഞിപ്പലം എസ്.എച്ച്.ഒ. സ്ഥലത്തെത്തി പ്രതിയെയും വാഹനവും കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർനടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി..

Post a Comment
Thanks