ചെമ്മാട്: ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് കായികശക്തിയുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരൂരങ്ങാടി ടീച്ചേഴ്സ് സ്ക്വാഡ് സംഘടിപ്പിച്ച മലപ്പുറം ജില്ലാ ടീച്ചേഴ്സ് സെവൻസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ആവേശകരമായി സമാപിച്ചു. ഫൈനലിൽ നാഷണൽ ചെമ്മാടിനെ ഒരു ഗോളിന് പരാജയപ്പെടുത്തി ഐ. ഒ.എച്. എസ്.എസ് എടവണ്ണ കിരീടം ചൂടി. നാഷണൽ സ്കൂൾ ചെമ്മാട് രണ്ടാം സ്ഥാനവും ഐഡിയൽ കടകശ്ശേരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കേരള സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനമായ ഓപ്പറേഷൻ തുഫാനിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംഘടിപ്പിച്ച ടൂർണമെന്റിൽ ജില്ലയിലെ 19 സ്കൂളുകളിൽ നിന്നുള്ള അധ്യാപക ടീമുകൾ മാറ്റുരച്ചു.
മത്സരങ്ങളുടെ ആവേശത്തിനൊപ്പം ശക്തമായ ലഹരിവിരുദ്ധ ബോധവത്കരണ സന്ദേശവും ചാമ്പ്യൻഷിപ്പ് ഉയർത്തിപ്പിടിച്ചു. തിരൂരങ്ങാടി സർക്കിൾ ഇൻസ്പെക്ടർ പ്രദീപ് കുമാർ.ബി ടൂർണമെന്റ് ഉദ്ഘാടനം ചെയ്ത് ലഹരിവിരുദ്ധ സന്ദേശം നൽകി.
ടൂർണമെന്റിലെ ശ്രദ്ധേയ സാന്നിധ്യമായി മാറിയത് ഐഡിയൽ കടകശ്ശേരിയുടെ അഭിമാനതാരം ലുബ്ന വയനാടായിരുന്നു. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരവും നിലവിൽ ഗോകുലം കേരള എഫ്.സി താരവുമായ ലുബ്നയുടെ സാന്നിധ്യം മത്സരങ്ങൾക്ക് കൂടുതൽ ആവേശം പകർന്നു. കളിക്കളത്തിലെ പെൺകരുത്തിന്റെ പ്രതീകമായി എത്തിയ താരം തന്റെ സാന്നിധ്യവും പോരാട്ടവീര്യവും കൊണ്ട് കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി.
ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളെ നാഷണൽ സ്കൂൾ ട്രസ്റ്റ് വൈസ് ചെയർമാൻ സി.കെ. മുഹമ്മദ് ഹാജി ആദരിച്ചു.
ലഹരിക്കെതിരെ അധ്യാപകർ ബൂട്ടണിഞ്ഞപ്പോൾ, കായികമേഖലയുടെ കരുത്തും അധ്യാപകരുടെ സാമൂഹിക പ്രതിബദ്ധതയും ഒരുപോലെ വിളിച്ചോതുന്ന ശ്രദ്ധേയമായ മുന്നേറ്റമായി ചാമ്പ്യൻഷിപ്പ് മാറി

إرسال تعليق
Thanks