മലപ്പുറം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലൊന്നായ കൊണ്ടോട്ടി മണ്ഡലത്തിൽ പുതിയ കോടതി സ്ഥാപിക്കുന്നതിനുള്ള ഔദ്യോഗിക നടപടികളുമായി സർക്കാർ മുന്നോട്ട്. ടി.പി. അഷ്റഫലി എം.എൽ.എയുടെ നിയമസഭയിലെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് ചരിത്രപ്രധാനമായ ഈ വിവരം വ്യക്തമാക്കിയത്.
കൊണ്ടോട്ടി താലൂക്ക് കേന്ദ്രീകരിച്ച് പുതിയ കോടതി അനുവദിക്കുന്നത് സംബന്ധിച്ച് ആഭ്യന്തര വകുപ്പിൽ ലഭിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതിയിൽനിന്ന് സർക്കാർ റിപ്പോർട്ട് തേടിയിട്ടുണ്ട്.
കൊണ്ടോട്ടിയിൽ ഒരു മുൻസിഫ് മജിസ്ട്രേറ്റ് കോടതി സ്ഥാപിക്കുന്ന വിഷയം നിലവിൽ ഹൈക്കോടതിയുടെ സജീവ പരിഗണനയിലാണ്. ഹൈക്കോടതിയിൽനിന്ന് ഔദ്യോഗിക ശിപാർശ ലഭിക്കുന്ന മുറയ്ക്ക് സർക്കാർ ഈ വിഷയം അനുകൂലമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന തിരക്കേറിയ പ്രദേശമായിട്ടും കൊണ്ടോട്ടിയിൽ ഇതുവരെ ഒരു കോടതി പോലും സ്ഥാപിക്കപ്പെട്ടിട്ടില്ല എന്നത് വർഷങ്ങളായുള്ള ജനങ്ങളുടെ പരാതിയാണ്.
കൊണ്ടോട്ടി, മുതുവല്ലൂർ, ചെറുകാവ്, പുളിക്കൽ, ചീക്കോഡ്, വാഴയൂർ, വാഴക്കാട് എന്നീ പഞ്ചായത്തുകളിലുള്ളവർ ചെറിയ ആവശ്യങ്ങൾക്ക് പോലും മഞ്ചേരി, തിരൂരങ്ങാടി, മലപ്പുറം കോടതികളെ ആശ്രയിക്കേണ്ട ഗതികേടാണ് നിലവിലുള്ളത്. ഇതിനായി 25 മുതൽ 35 കിലോമീറ്റർ വരെ ദൂരം താണ്ടി പോകേണ്ട ബുദ്ധിമുട്ടാണ് നാട്ടുകാർ നേരിടുന്നത്.
കൊണ്ടോട്ടിയിൽ പുതിയ കോടതി യാഥാർത്ഥ്യമാകുന്നതോടെ ഈ യാത്രാക്ലേശം അഞ്ച് കിലോമീറ്ററിനുള്ളിൽ പൂർണ്ണമായും പരിഹരിക്കപ്പെടും.
മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ പ്രവാസികളുള്ള പ്രധാന മണ്ഡലങ്ങളിലൊന്നാണ് കൊണ്ടോട്ടി. കരിപ്പൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട സ്വർണക്കടത്ത് കേസുകൾ, കസ്റ്റംസ് കേസുകൾ, എമിഗ്രേഷൻ തർക്കങ്ങൾ, യാത്രക്കാരുടെ പ്രശ്നങ്ങൾ, വിമാനത്താവള അതോറിറ്റിയുടെ സിവിൽ കേസുകൾ എന്നിവയെല്ലാം നിലവിൽ കോഴിക്കോട്, മഞ്ചേരി കോടതികളിലാണ് കൈകാര്യം ചെയ്യുന്നത്.
കൊണ്ടോട്ടിയിൽ ലോക്കൽ കോടതി വരുന്നതോടെ ഇത്തരം കേസുകൾ അതിവേഗം തീർപ്പാക്കാനാകും. കൂടാതെ, പ്രതികളുടെ ജാമ്യ-റിമാൻഡ് നടപടികളും കൂടുതൽ വേഗത്തിലാക്കാൻ സാധിക്കും.
നിലവിൽ മഞ്ചേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ വലിയ തോതിലുള്ള കേസ് കെട്ടിക്കിടപ്പും ജോലിഭാരവുമാണുള്ളത്.
കൊണ്ടോട്ടിയിൽ നിന്ന് മാത്രം നിരവധി കേസുകളാണ് ദിവസേന അവിടേക്ക് പോകുന്നത്. കൊണ്ടോട്ടി, കരിപ്പൂർ, വാഴക്കാട് പൊലീസ് സ്റ്റേഷനുകളിലെ ചാർജ് ഷീറ്റുകൾ ഇപ്പോൾ മഞ്ചേരിയിലാണ് ഫയൽ ചെയ്യുന്നത്.
കൊണ്ടോട്ടിയിൽ പുതിയ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിലവിൽ വന്നാൽ മഞ്ചേരി കോടതിയിലെ കേസ് ഭാരം കുറയുന്നതിനൊപ്പം കേസുമായി ബന്ധപ്പെടുന്ന പൊതുജനങ്ങൾക്കും പോലീസിനും അഭിഭാഷകർക്കും ഒരുപോലെ വലിയ ആശ്വാസമായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Post a Comment
Thanks