അതിശക്തമായ മഴ: അപകടാവസ്ഥയിൽ കാണുന്ന വൈദ്യുതി ലൈനുകളിൽ സ്പർശിക്കരുത്; ജാഗ്രതാ നിർദേശവുമായി കെഎസ്ഇബി

 


സംസ്ഥാനത്ത് തുലാമഴയും കാറ്റും കനത്തതോടെ ജാ​ഗ്രതാ മുന്നറിയിപ്പുമായി കെഎസ്ഇബി. കാറ്റിലും മഴയിലും വൈദ്യുത കമ്പികൾ പൊട്ടിക്കിടക്കാൻ സാധ്യതയുള്ളതിനാൽ അതിരാവിലെ പുറത്തിറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ജാ​ഗ്രതാ നിർദേശം.പോസ്റ്റിന്റെ പൂർണരൂപംപലയിടങ്ങളിലും തീവ്രമായ കാറ്റും മഴയും ഉണ്ട്. അതിരാവിലെ പത്രവിതരണത്തിനും പാൽ വിതരണത്തിനും റബ്ബര്‍ ടാപ്പിങ്ങിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി പുറത്തിറങ്ങുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. രാത്രികാലങ്ങളിൽ മരം വീണും മറ്റും വൈദ്യുത കമ്പികൾ പാതയോരത്തും വെള്ളക്കെട്ടുകളിലും പൊട്ടി കിടക്കാൻ സാധ്യതയുണ്ട്.   വൈദ്യുതി കമ്പികള്‍ പൊട്ടിക്കിടക്കുന്നതോ അസ്വാഭാവികമായി താഴ്ന്നുകിടക്കുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ യാതൊരു കാരണവശാലും അവയുടെ സമീപത്തേക്ക് പോകരുത്. ലൈനുകളില്‍ സ്പര്‍ശിക്കാനോ അവ നീക്കാന്‍ ശ്രമിക്കാനോ പാടില്ല. പൊട്ടിക്കിടക്കുന്ന വൈദ്യുതി കമ്പിയില്‍ മാത്രമല്ല, അതിന്റെ സമീപ പ്രദേശങ്ങളിലും വൈദ്യുത പ്രവാഹമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത വേണം. പൊട്ടിയ വൈദ്യുതി ലൈന്‍ വെള്ളത്തില്‍ വീണുകിടക്കുകയാണെങ്കില്‍ ആ വെള്ളത്തില്‍ സ്പർശിക്കരുത്.

ഇത്തരം സാഹചര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ സമീപത്തെ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലോ കെഎസ്ഇബിയുടെ അടിയന്തര സഹായ നമ്പറായ 94 96 01 01 01ലോ വിവരം അറിയിക്കണം. വൈദ്യുതി ലൈന്‍ അപകടാവസ്ഥയില്‍ കാണുകയാണെങ്കില്‍ അതിന്റെ സമീപത്തേക്ക് ആരെയും പോകാന്‍ അനുവദിക്കരുത്. കെഎസ്ഇബി ജീവനക്കാര്‍ സ്ഥലത്തെത്തി സുരക്ഷിതമാക്കുന്നതുവരെ മറ്റുള്ളവര്‍ അപകടത്തില്‍പ്പെടാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം.വൈദ്യുതി തകരാര്‍ സംബന്ധമായ പരാതികള്‍ അറിയിക്കാന്‍ 1912 എന്ന 24/7 ടോള്‍‍ഫ്രീ കസ്റ്റമര്‍‍കെയര്‍ നമ്പരിലോ സെക്ഷന്‍ ഓഫീസിലോ വിളിക്കാവുന്നതാണ്. 9496001912 എന്ന നമ്പരിലും കോൾ/ വാട്സാപ് വഴി പരാതി അറിയിക്കാം. പൊട്ടിയ വൈദ്യുതി ലൈനില്‍ തട്ടി ആര്‍ക്കെങ്കിലും വൈദ്യുതാഘാതമേല്‍ക്കുകയാണെങ്കില്‍, അപകടത്തില്‍പ്പെട്ട വ്യക്തിയെ നേരിട്ട് സ്പര്‍ശിക്കരുത്. പകരം ഉണങ്ങിയ മുളയോ മരക്കമ്പോ പോലുള്ള വൈദ്യുതി കടത്തിവിടാത്ത വസ്തു ഉപയോഗിച്ച് ലൈനില്‍ നിന്ന് മാറ്റി, പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം എത്രയും വേഗം സമീപത്തെ ആശുപത്രിയിലെത്തിക്കണം.ജാഗ്രത പുലർത്താം, സുരക്ഷിതരായിരിക്കാം.

Post a Comment

Thanks

Previous Post Next Post