തിരൂരങ്ങാടി: വിവിധ കാരണങ്ങളാൽ വാഹന നികുതി അടയ്ക്കാൻ സാധിക്കാതെ വരികയും, പിഴയും പിഴപ്പലിശയും പെരുകി ഭീമമായ തുക കുടിശ്ശികയായതുമൂലം ദുരിതത്തിലായ വാഹന ഉടമകൾക്ക് ആശ്വാസവുമായി ഗതാഗത വകുപ്പ്. നിശ്ചിത ശതമാനം ഇളവുകളോടെ ഒറ്റത്തവണയായി തുകയടച്ച് നിയമനടപടികളിൽ നിന്ന് ഒഴിവാകാൻ അവസരമൊരുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അറിയിച്ചു.
കാലപ്പഴക്കം ചെന്ന് പൊളിച്ച് വിറ്റ വാഹനങ്ങളുടെ അടക്കം വർഷങ്ങളായി കുടിശ്ശികയായ നികുതിയും പലിശയും അടച്ചുതീർക്കാൻ കഴിയാതെ നിരവധി വാഹന ഉടമകളാണ് നിലവിൽ ജപ്തി ഭീഷണി നേരിടുന്നത്. ഈ വിഷയം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പി.എം.എ. സമീർ എം.എൽ.എ.യുടെ നേത്രത്വത്തിൽ മൂന്നിയൂർ സൗഹൃദ വേദി ചെയർമാൻ അഷ്റഫ് കളത്തിങ്ങൽ പാറയും കൻവീനർ പി.വി.പി. മുസ്തഫയും ചേർന്ന് നൽകിയ നിവേദനത്തെ തുടർന്നാണ് ഗതാഗത വകുപ്പിന്റെ നിർണായക തീരുമാനം.
ലക്ഷക്കണക്കിന് രൂപ കുടിശ്ശിക വന്ന് ജപ്തി നടപടികളിലേക്ക് കടന്ന സാധാരണക്കാരായ വാഹന ഉടമകൾക്ക് സർക്കാരിന്റെ ഈ പുതിയ തീരുമാനത്തോടെ വലിയ ആശ്വാസമാകും ലഭിക്കുക. തിരൂരങ്ങാടി താലൂക്കിൽ മാത്രം അയ്യായിരത്തി ലേറെ കേസുകളുണ്ട്. ഇളവുകളുടെ ശതമാനവും ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കൂടുതൽ വിവരങ്ങളും ഉടൻ തന്നെ പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു.

Post a Comment
Thanks