ഖത്തര്‍ കെഎംസിസി ഓഫീസിലെ കവർച്ച;മുഖ്യ പ്രതി ബോംബെ ഷാജി മൂന്നാം പ്രതിയ്‌ക്കെതിരെ ക്വട്ടേഷന്‍ നല്‍കുന്നതിന്റെ ഓഡിയോ പുറത്ത്


കോഴിക്കോട്: കൊയിലാണ്ടി: മുഖ്യ പ്രതി ബോംബെ ഷാജി മൂന്നാം പ്രതിക്കെതിരെ ക്വട്ടേഷന്‍ നല്‍കുന്നതിന്റെ ഓഡിയോ സന്ദേശം പുറത്ത്. ഷാജിയും കൊയിലാണ്ടി സ്വദേശിയായ ക്വട്ടേഷന്‍ സംഘാംഗം രജീഷും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്.


കേസില്‍ മൂന്നാം പ്രതിയായ ബാവ എന്നു വിളിക്കുന്ന സാലിഹിനെതിരെയാണ് ക്വട്ടേഷന്‍. കവര്‍ച്ചയെക്കുറിച്ച് ബാവ സംസാരിക്കുന്ന വീഡിയോ വേണമെന്നാണ് രജീഷിനോട് ആവശ്യപ്പെടുന്നത്. കമറുദ്ദീന്‍, റസാഖ് എന്നിവരുടെ പേര് ബാവയെക്കൊണ്ട് പറയിപ്പിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.


കെ.എം.സി.സി ഓഫീസിലെ കവര്‍ച്ചയ്ക്ക് പിന്നാലെ കവര്‍ച്ചാ സംഘത്തിനുള്ളില്‍ പണം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നുവെന്നാണ് കഴിഞ്ഞദിവസം ബോംബെ ഷാജിയുടേതെന്ന തരത്തില്‍ പുറത്തുവന്ന ഓഡിയോ സന്ദേശങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. അതിന്റെ തുടര്‍ച്ചയെന്നോണമാണ് പണം കൈക്കലാക്കാനും കവര്‍ച്ച കേസില്‍ തെളിവ് ശേഖരിച്ച് ഭീഷണിപ്പെടുത്താനും ഷാജി ക്വട്ടേഷന്‍ സംഘങ്ങളുടെ സഹായം തേടുന്നത്.


ഖത്തര്‍ കെഎംസിസി ഓഫീസില്‍ എട്ടു കോടി രൂപ മോഷണം പോയ കേസില്‍ ബി.ജെ.പി നേതാവായ ബാലകൃഷ്ണന്‍ അടക്കം ആറു പ്രതികളാണുള്ളത്. ബോംബെ ഷാജിയെന്ന ഷാജി, റാഷി, ബാവ എന്ന സാലിഹ്, ഹസന്‍, നിസാര്‍ തുടങ്ങിയവരാണ് മറ്റു പ്രതികള്‍. സംഭവത്തില്‍ താന്‍ വഞ്ചിക്കപ്പെട്ടതാണെന്നും മോഷണത്തിനാണ് തന്നെ വിദേശത്തേക്ക് കൊണ്ടുപോയത് പ്രതികളില്‍ ഒരാളായ ബോംബെ ഷാജി ആണെന്നും മോഷണത്തിന്റെ കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും ബാലകൃഷ്ണന്‍ തുറന്നു പറഞ്ഞിരുന്നു.


Post a Comment

Thanks

Previous Post Next Post