വനിതാകോച്ചില്‍ കയറിയിട്ട് 'അറിയാതെ കയറി' എന്ന് പറഞ്ഞിട്ട് കാര്യമില്ല; യാത്രക്കാര്‍ അറിയേണ്ട പ്രധാന നിയമങ്ങള്‍



 സ്ത്രീ യാത്രക്കാരുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്നതിനായി ഇന്ത്യൻ റെയില്‍വേ ട്രെയിനുകളില്‍ പ്രത്യേക വനിതാ കോച്ചുകള്‍ അനുവദിച്ചിട്ടുണ്ട്.

എന്നാല്‍ ഈ കോച്ചുകളില്‍ അനുമതിയില്ലാതെ പുരുഷ യാത്രക്കാർ പ്രവേശിക്കുന്നത് ഗുരുതരമായ കുറ്റമാണ്. 'അറിയാതെ കയറിപോയതാണ്' എന്ന തൊടുന്യായങ്ങള്‍ പറഞ്ഞാല്‍ റെയില്‍വേ അധികാരികള്‍ക്ക് മുന്നില്‍ രക്ഷപ്പെടാനാവില്ല. പിടിക്കപ്പെട്ടാല്‍ കനത്ത പിഴയും മറ്റ് നിയമനടപടികളും നേരിടേണ്ടിവരുമെന്ന് റെയില്‍വേ വ്യക്തമാക്കുന്നു.


കനത്ത പിഴയും നിയമനടപടികളും

വനിതകള്‍ക്കായി മാത്രം നീക്കിവച്ചിരിക്കുന്ന കോച്ചുകളില്‍ അനുവാദമില്ലാതെ പ്രവേശിക്കുന്ന പുരുഷന്മാർക്കെതിരെ ഉടനടി കർശന നടപടിയെടുക്കാൻ റെയില്‍വേ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്.


ഇത്തരം സന്ദർഭങ്ങളില്‍ 500 രൂപ മുതല്‍ 2,500 രൂപ വരെ പിഴ ഈടാക്കാം.

പിഴയൊടുക്കാൻ വിസമ്മതിക്കുകയോ നിയമലംഘനം ആവർത്തിക്കുകയോ ചെയ്താല്‍ ശിക്ഷ 5,000 രൂപ വരെയാകാൻ സാധ്യതയുണ്ട്.


ട്രാൻസ്‌ജെൻഡർ യാത്രക്കാരുടെ കാര്യത്തിലെ നിയമം എന്താണ്?


വനിതാ കോച്ചുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് ട്രാൻസ്‌ജെൻഡർ യാത്രക്കാരുടെ കാര്യത്തില്‍ റെയില്‍വേ വ്യക്തത നല്‍കിയിട്ടുണ്ട്.


2019-ലെ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ (അവകാശ സംരക്ഷണ) നിയമപ്രകാരം, പുരുഷ യാത്രക്കാർക്ക് ബാധകമായ കർശന വിലക്കുകള്‍ ട്രാൻസ്‌ജെൻഡർ വ്യക്തികള്‍ക്ക് ബാധകമല്ലെന്നാണ് റെയില്‍വേയുടെ വിശദീകരണം.


ബോധവത്കരണവുമായി ദക്ഷിണ റെയില്‍വേ


യാത്രക്കാർക്കിടയില്‍ ഈ നിയമങ്ങളെക്കുറിച്ച്‌ കൃത്യമായ അവബോധം ഉണ്ടാക്കുന്നതിനായി ദക്ഷിണ റെയില്‍വേ പ്രത്യേക ബോധവത്കരണ വീഡിയോ പുറത്തിറക്കിയിട്ടുണ്ട്.


വനിതാ സംവരണ കോച്ചില്‍ ഒരു പുരുഷ യാത്രികൻ കയറുന്നതും തുടർന്ന് ടി.ടി.ഇ (TTE) ഉള്‍പ്പെടെയുള്ള പരിശോധനാ ഉദ്യോഗസ്ഥർ ഇടപെടുന്നതുമാണ് ഈ വീഡിയോയിലൂടെ ദൃശ്യവത്കരിച്ചിരിക്കുന്നത്.


യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ട്രെയിനില്‍ കയറുന്നതിന് മുൻപ് പ്ലാറ്റ്‌ഫോമില്‍ വെച്ചും കോച്ചിന്റെ പുറത്തുമുള്ള റിസർവേഷൻ ബോർഡുകളും കോച്ച്‌ നമ്പറുകളും കൃത്യമായി പരിശോധിക്കുക.


തിരക്കുണ്ടെങ്കിലും പ്രത്യേക വിഭാഗത്തിനായി മാറ്റിവെച്ചിരിക്കുന്ന കോച്ചുകളില്‍ പുരുഷന്മാർ കയറുന്നത് പൂർണ്ണമായും ഒഴിവാക്കുക.


സുരക്ഷിതവും നിയമവിധേയവുമായ യാത്രയ്ക്കായി റെയില്‍വേയുടെ മാർഗ്ഗനിർദ്ദേശങ്ങള്‍ എപ്പോഴും പാലിക്കുക.

Post a Comment

Thanks

Previous Post Next Post