സംസ്ഥാനത്ത് ജനനനിരക്കിൽ വൻ ഇടിവ് രേഖപ്പെടുത്തുന്നതായി സർക്കാരിന്റെ പുതിയ ജനന-മരണ സ്റ്റേറ്റ് ലെവൽ റിപ്പോർട്ട്. കഴിഞ്ഞ ആറ് വർഷത്തിനിടെ പ്രതിവർഷ ജനനങ്ങളിൽ 1.35 ലക്ഷത്തിന്റെ കുറവുണ്ടായതായി കണക്കുകൾ.
ഇതോടെ ഒരു ഘട്ടത്തിൽ രണ്ട് ലക്ഷത്തിലധികമായിരുന്ന ജനന-മരണ തമ്മിലുള്ള അന്തരം വെറും 11,000ത്തിലേക്ക് ചുരുങ്ങി. ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2020-ൽ 4,62,217 ജനനങ്ങൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് 2025-ൽ അത് 3,27,127 ആയി കുറഞ്ഞു. ഈ വർഷം സെപ്റ്റംബർ 25 വരെയുള്ള കണക്കനുസരിച്ച് 2,41,207 ജനനങ്ങളും 2,30,040 മരണങ്ങളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
നിലവിൽ ജനനങ്ങളും മരണങ്ങളും തമ്മിലുള്ള വ്യത്യാസം 11,167 മാത്രമാണ്. 2020-ൽ പ്രതിദിനം ശരാശരി 1,266 കുഞ്ഞുങ്ങൾ ജനിച്ചിരുന്ന കേരളത്തിൽ, നിലവിൽ അത് 896 ആയി കുറഞ്ഞു; അതായത് പ്രതിദിനം 370 ജനനങ്ങളുടെ കുറവ്. അതേസമയം, സംസ്ഥാനത്ത് 60 വയസ്സിന് മുകളിലുള്ളവരുടെ അനുപാതം 20 ശതമാനം കടന്നതോടെ പ്രതിവർഷ മരണസംഖ്യ മൂന്ന് ലക്ഷത്തിന് മുകളിലെത്തിയിട്ടുണ്ട്.കോവിഡിന് ശേഷമാണ് ജനന-മരണ നിരക്കുകളിലെ ഈ വിടവ് ഇത്രയധികം വേഗത്തിൽ കുറഞ്ഞത്.
വൈകിയുള്ള വിവാഹവും മാറുന്ന ജീവിതരീതികളുമാണ് ജനനനിരക്ക് കുത്തനെ കുറയാൻ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. യുവാക്കളുടെ വിവാഹപ്രായം 30 കടക്കുന്നതും ദമ്പതികൾ ഒരു കുട്ടി മതി എന്ന തീരുമാനത്തിലേക്ക് മാറുന്നതും വലിയ തോതിൽ സ്വാധീനിക്കുന്നുണ്ട്.
ഇതിന് പുറമെ സംസ്ഥാനത്തെ അഞ്ച് ലക്ഷത്തിലേറെ യുവാക്കൾ ഉന്നതപഠനത്തിനും ജോലിക്കുമായി വിദേശത്തേക്ക് ചേക്കേറിയതും നാട്ടിലെ ഉയർന്ന ജീവിതച്ചെലവും ജനനനിരക്കിനെ ബാധിക്കുന്നു. വൈകിയുള്ള വിവാഹങ്ങൾ വന്ധ്യതാ നിരക്ക് വർദ്ധിക്കുന്നതിനും കാരണമാകുന്നുണ്ട്.
ജനനനിരക്കിലുണ്ടായ ഈ കുറവ് കഴിഞ്ഞ രണ്ട് വർഷത്തിനിടെ സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസിലെത്തുന്ന കുട്ടികളുടെ എണ്ണത്തിലും പ്രതിഫലിച്ചതായി വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
Post a Comment
Thanks