ഭിന്നശേഷിക്കാരെ സ്വയംപര്യാപ്തരാക്കുക സർക്കാരിന്റെ മുഖ്യലക്ഷ്യം: മന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ


തിരൂർ:ഭിന്നശേഷിക്കാരായ കുട്ടികളെ ആരോഗ്യപരമായും സാമൂഹികമായും സാമ്പത്തികപരമായും ശാക്തീകരിച്ച് സ്വയംപര്യാപ്തരാക്കുകയാണ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി അഡ്വ. വി. ഇ. അബ്ദുൽ ഗഫൂർ. ആതവനാട് ഗ്രാമപഞ്ചായത്തിലെ പുത്തനത്താണി ചുങ്കത്ത് സാമൂഹ്യനീതി വകുപ്പിന് കീഴിൽ നിർമ്മിക്കുന്ന മാതൃകാ 'ഭിന്നശേഷി പുനരധിവാസ ഗ്രാമ'ത്തിന്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.

​പല ജനക്ഷേമ പദ്ധതികളിലും രാജ്യത്തിന് തന്നെ മാതൃകയായ കേരളം, ഭിന്നശേഷി പുനരധിവാസ രംഗത്തും ചരിത്രം കുറിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. തങ്ങളുടെ കാലശേഷം ഈ കുട്ടികളുടെ ഭാവി എന്താകുമെന്നത് ഓരോ ഭിന്നശേഷി രക്ഷിതാവിന്റെയും ഉള്ളുലയ്ക്കുന്ന വലിയ ആശങ്കയാണ്. ആ ഭയത്തിന് ശാശ്വതമായ പരിഹാരമുണ്ടാക്കുകയാണ് ഈ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ തന്നെ വെല്ലുവിളികൾ കണ്ടെത്തുന്ന 'ഏർലി ഇന്റർവെൻഷൻ' മുതൽ സർജിക്കൽ കറക്ഷൻ, വിദഗ്ധ തെറാപ്പികൾ, തുടർവിദ്യാഭ്യാസം, തൊഴിൽ പരിശീലനങ്ങൾ എന്നിവയെല്ലാം ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കി ഭിന്നശേഷിക്കാരെ സ്വയം പര്യാപ്ത ജീവിതത്തിലേക്ക് നയിക്കും. ഇതിനൊപ്പം, കുട്ടികളെയും കൂട്ടി ഡേ കെയർ സെന്ററുകളിൽ എത്തുന്ന രക്ഷിതാക്കൾക്ക് കൂടി തൊഴിൽ നൈപുണ്യ പരിശീലനം നൽകാനുള്ള സംവിധാനങ്ങൾ ഇവിടെ ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

​രാജ്യത്തെ തന്നെ ആദ്യത്തെ മോഡൽ ഇന്റഗ്രേറ്റഡ് ഡിസബിലിറ്റി വില്ലേജാണ് മലപ്പുറം ജില്ലയിലെ ചുങ്കത്ത് ഉയരുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഭിന്നശേഷിക്കാരുള്ള ജില്ല എന്ന പരിഗണന നൽകിയാണ് സർക്കാർ മലപ്പുറത്തെ ആദ്യ കേന്ദ്രമായി തെരഞ്ഞെടുത്തത്. ഈ പദ്ധതിക്ക് പിന്നാലെ തിരുവനന്തപുരത്തും സമാന മാതൃകയിൽ ഡിസബിലിറ്റി വില്ലേജ് സ്ഥാപിക്കും. ഇതിന്റെ ഡി.പി.ആർ പൂർത്തിയായിട്ടുണ്ട്. തുടർന്ന് മറ്റ് രണ്ട് ജില്ലകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

​ചടങ്ങിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. എ. ജബ്ബാർ ഹാജി, ജില്ലാ കളക്ടർ വിനയ് ഗോയൽ, ജില്ലാ വികസന കമ്മീഷണറും തിരൂർ സബ് കളക്ടറുമായ കെ. ദിലീപ് കൈനിക്കര എന്നിവർ മുഖ്യാതിഥികളായി. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. വി. ആസാദ് അജയ്, ആതവനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ടി. ആസാദ്, വൈസ് പ്രസിഡന്റ് സാജിത പുന്നക്കാട്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വെട്ടം ആലിക്കോയ, വസീമ വേളേരി, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ. പി. വഹീദ, വി. കെ. അഷ്റഫ്, വാർഡ് മെമ്പർ കെ. പി. മറിയാമു, ഭിന്നശേഷി ലോക്കൽ ലെവൽ കമ്മിറ്റി കൺവീനർ ടി. എം. താലീസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു. സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഡോ. അരുൺ എസ്. നായർ സ്വാഗതവും ജില്ലാ സാമൂഹ്യനീതി ഓഫീസർ സമീർ മച്ചിങ്ങൽ നന്ദിയും പറഞ്ഞു. 


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

أحدث أقدم