വളാഞ്ചേരി എടയൂർ ഒടുങ്ങാട്ടുകുളത്തിൽ അർദ്ധരാത്രി നിയന്ത്രണം വിട്ട കാർ കുളത്തിലേക്ക് മറിഞ്ഞു. അപകടത്തിൽ പെട്ട കാർ ഡ്രൈവർ വളാഞ്ചേരി കാട്ടിപ്പരുത്തി സ്വദേശി കുന്നത്ത് പറമ്പിൽ മുബാസ് (34) അദ്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി 12.20-ഓടെയായിരുന്നു അപകടം നടന്നത്.
വളാഞ്ചേരി മാർക്കറ്റിൽ ജോലി ചെയ്യുന്ന മുബാസ്, മഞ്ചേരി സ്വദേശിയായ സുഹൃത്തിന്റെ കാർ ഇയാൾക്ക് എത്തിച്ചു കൊടുക്കാനായി പോകവേയായിരുന്നു അപകടം. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ട് റോഡരികിലെ കുളത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
ഡ്രൈവറുടെ സീറ്റിനരികിലെ ഗ്ലാസ് പൂർണ്ണമായി താഴ്ത്തിയിട്ട നിലയിലായിരുന്നതിനാൽ, കാർ വെള്ളത്തിൽ താഴുന്നതിന് മുൻപ് മുബാസ് അതിലൂടെ പുറത്തുകടന്ന് നീന്തി കരയ്ക്കെത്തുകയായിരുന്നു. കൈയ്ക്ക് ചെറിയ മുറിവുകളേറ്റ ഇയാൾ, അതുവഴി വന്ന ബൈക്കിൽ കയറി വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി.
ഇന്ന് രാവിലെ കുളത്തിന് സമീപമെത്തിയ മുബാസാണ് തന്റെ കാർ വെള്ളത്തിൽ മറിഞ്ഞ വിവരം നാട്ടുകാരെ അറിയിക്കുന്നത്. തുടർന്ന് രാവിലെ 11.30-ഓടെ ക്രെയിൻ ഉപയോഗിച്ച് കാർ കുളത്തിൽ നിന്നും കരയിലേക്ക് ഉയർത്തി.
إرسال تعليق
Thanks