മരണം രജിസ്റ്റർ ചെയ്താൽ പെൻഷൻ സ്വയം റദ്ദാകും; കെ-സ്മാർട്ടും സേവന സോഫ്റ്റ്‌വെയറും കൈകോർക്കുന്നു


സാമൂഹികസുരക്ഷാ പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താവ് മരണപ്പെട്ടാൽ, മരണം രജിസ്റ്റർ ചെയ്യുന്ന നിമിഷം തന്നെ പെൻഷൻ പട്ടികയിൽനിന്ന് പേര് സ്വയം ഒഴിവാകുന്ന വിപ്ലവകരമായ ഏകീകരണ സംവിധാനവുമായി തദ്ദേശ വകുപ്പ്. തദ്ദേശ സ്ഥാപനങ്ങളിലെ കെ-സ്മാർട്ട് സംവിധാനവും ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്ന 'സേവന' സോഫ്റ്റ്‌വെയറും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി വരികയാണ്.


ഈ സംവിധാനം നിലവിൽ വരുന്നതോടെ മരണപ്പെടുന്നവരുടെ വിവരങ്ങൾ തത്സമയം പെൻഷൻ പോർട്ടലിൽ പ്രതിഫലിക്കുകയും പട്ടികയിൽനിന്ന് പേര് സ്വയം നീക്കം ചെയ്യപ്പെടുകയും ചെയ്യും. ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിങ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം കോഡൂർ സ്വദേശി മച്ചിങ്ങൽ മുഹമ്മദ് നൽകിയ അപേക്ഷയ്ക്ക് തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടറേറ്റാണ് ഈ മറുപടി നൽകിയത്.


നിലവിൽ പെൻഷൻ വാങ്ങുന്നവർ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കുന്നതിനായി എല്ലാ വർഷവും അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്ററിങ് നടത്തുകയോ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയോ വേണം.


വയോധികരും കിടപ്പുരോഗികളും ഭിന്നശേഷിക്കാരുമടക്കം 66 ലക്ഷത്തിലധികം വരുന്ന ആളുകളാണ് ഇതിനായി വലിയ പ്രയാസങ്ങൾ അനുഭവിക്കുന്നത്. ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെടുന്നവർ ഗസറ്റഡ് ഓഫീസറെ നേരിൽ കണ്ട് ലൈഫ് സർട്ടിഫിക്കറ്റ് വാങ്ങേണ്ട ഗതികേടിലുമാണ്.


അതേസമയം, സംസ്ഥാനത്ത് നടന്നു വരുന്ന സാഹിത്യ-സാമൂഹിക സുരക്ഷാ പെൻഷൻ മസ്റ്ററിങ് ഈ മാസം പൂർത്തിയാക്കാനിരിക്കെ ഇതുവരെ 81.93 ശതമാനം ആളുകൾ മാത്രമാണ് നടപടികൾ പൂർത്തിയാക്കിയത്. ഗ്രാമപഞ്ചായത്തുകളിൽ 84.51 ശതമാനവും നഗരസഭകളിൽ 83.83 ശതമാനവും കോർപറേഷനുകളിൽ 84.12 ശതമാനവുമാണ് നിലവിലെ മസ്റ്ററിങ് പുരോഗതി. പുതിയ സംവിധാനം പൂർണ സജ്ജമാകുന്നതോടെ പ്രതിവർഷമുള്ള മസ്റ്ററിങ് ദുരിതത്തിന് വലിയൊരു അളവോളം ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

Post a Comment

Thanks

أحدث أقدم