പെൺകുട്ടികളിലെ ഗർഭാശയഗള അർബുദം (സെർവിക്കൽ കാൻസർ) പ്രതിരോധിക്കുന്നതിനായി 14 മുതൽ 15 വയസ്സുവരെയുള്ളവർക്ക് നൽകുന്ന സൗജന്യ എച്ച്.പി.വി വാക്സിനേഷൻ കാമ്പയിന് മലപ്പുറം ജില്ലയിൽ തണുപ്പൻ പ്രതികരണം.
ഫെബ്രുവരി 28-ന് ആരംഭിച്ച കാമ്പയിനിൽ ഓഗസ്റ്റ് 31 വരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ 30.78 ശതമാനം പേർ മാത്രമാണ് വാക്സിൻ സ്വീകരിച്ചത്.
വാക്സിനേഷന് അർഹരായ 44,929 പെൺകുട്ടികളുള്ള ജില്ലയിൽ വെറും 13,808 പേർ മാത്രമാണ് ഇതുവരെ വാക്സിനേഷന്റെ ഭാഗമായത്. സ്വകാര്യ ആശുപത്രികളിൽ ഡോസിന് 4,000 രൂപയോളം വിലവരുന്ന വാക്സിനാണ് സർക്കാർ സൗജന്യമായി ജില്ലയിലെ മുഴുവൻ കുടുംബാരോഗ്യ കേന്ദ്രങ്ങൾ വഴിയും ലഭ്യമാക്കുന്നത്.
2006 മുതൽ രാജ്യത്ത് നൽകിവരുന്ന എച്ച്.പി.വി വാക്സിൻ കാമ്പയിനിൽ സംസ്ഥാന ശരാശരി 63.48 ശതമാനമാണ്. വാക്സിനേഷൻ നിരക്കിൽ പത്തനംതിട്ട ജില്ലയാണ് സംസ്ഥാനത്ത് ഏറ്റവും മുന്നിൽ നിൽക്കുന്നത്. എന്നാൽ മലപ്പുറം ജില്ല പട്ടികയിൽ ഏറ്റവും പിന്നിലാണ്.
ആദ്യഘട്ടത്തിൽ മെയ് 31 വരെ നിശ്ചയിച്ചിരുന്ന കാമ്പയിൻ പിന്നീട് ഓഗസ്റ്റ് 31 വരെ നീട്ടി നൽകിയിരുന്നു. ജില്ലകളിലെ കുറഞ്ഞ പ്രതികരണം കണക്കിലെടുത്ത് വാക്സിനേഷൻ കാമ്പയിന്റെ കാലാവധി ഇപ്പോൾ ഡിസംബർ 31 വരെ വീണ്ടും ദീർഘിപ്പിച്ചിട്ടുണ്ട്.
പെൺകുട്ടികളുടെ ഭാവി ആരോഗ്യ സുരക്ഷ മുൻനിർത്തി മുഴുവൻ അർഹരായവരും വാക്സിൻ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ.
Post a Comment
Thanks