തിരൂരിൽ പുഴയ്ക്ക് കുറുകെ മൊബിലിറ്റി പാലവുമായി നഗരസഭ


തിരൂർ: രാജീവ് ഗാന്ധി സ്മാരക സ്‌റ്റേഡിയത്തിന് സമീപം തിരൂർ പുഴയ്ക്ക് കുറുകെ ആലപ്പുഴയിലെ പുന്നമടക്കായലിന് കുറുകെ നിർമ്മിച്ച മാതൃകയിലുള്ള നടപ്പാലം നിർമ്മിക്കാനൊരുങ്ങി നഗരസഭ. ആകർഷകമായ നിറങ്ങളിൽ തൂണുകളില്ലാത്ത തരം വട്ടത്തിലുള്ള (ട്യൂബുലർ) ഡിസൈനിലാണ് നടപ്പാലം. തിരൂർ പുഴയ്ക്ക് ഇരുവശത്തുമുള്ള ആളുകൾക്ക് എളുപ്പത്തിൽ മറുകരയിലേക്കെത്താനും വിനോദസഞ്ചാരികൾക്ക് പുഴയുടെ ഭംഗി ആസ്വദിക്കാനും സഹായകമാകും. 

ഇവിടെ ഹൗസ്‌ബോട്ട് സർവീസുൾപ്പെടെയുള്ളവ തടസ്സമില്ലാതെ നടത്താമെന്നതും പ്രയോജനകരമാണ്.44 മീറ്റർ നീളവും 1.8 മീറ്റർ വീതിയുമുള്ള പാലത്തിന് 1.7 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പുന്നമടയിൽ 3.5 കോടി രൂപ ചെലവിട്ടാണ് പാലം നിർമ്മിച്ചത്. താഴെപ്പാലം സ്റ്റേഡിയത്തിന് ചുറ്റുമായി നഗരസഭ കൊണ്ടുവരുന്ന സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായാണ് നടപ്പാലം വരുന്നത്. സ്‌റ്റേഡിയത്തിൻ്റെ വടക്കുഭാഗത്ത് തുടങ്ങുന്ന പാലത്തിലൂടെ പുഴ കടന്ന് ബോട്ട് ജെട്ടിയുടെ അടുത്തെത്താം.

  സ്റ്റേഡിയത്തിൽ ഒഴിഞ്ഞു കിടക്കുന്ന പുഴയോരത്ത്കണ്ടൽക്കാടുകൾ സംരക്ഷിച്ച് കൊണ്ട് പാർക്കും നിർമിക്കുന്നുണ്ട്. ഇതിനായി 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 400 മീറ്ററോളം നീളത്തിൽ പുഴയോരത്ത് സംരക്ഷണ ഭിത്തി നിർമ്മിച്ചു തുടങ്ങി. ഭിത്തി നിർമിക്കുമ്പോൾ സ്‌റ്റേഡിയത്തിന്റെ ഭാഗത്തുണ്ടാകുന്ന കരയിലാണ് പാർക്ക് നിർമ്മിക്കുന്നത്. ഇവിടെ ഇരിപ്പിടങ്ങളും കോഫി ഷോപ്പുകളും ഒരുക്കും. പാർക്കിനോട് ചേർന്ന് ഓപ്പൺ ജിമ്മും നിർമ്മിക്കും.

Post a Comment

Thanks

أحدث أقدم