തേഞ്ഞിപ്പലം : മുസ്‌ലിം പെൺകുട്ടികളുടെ ചിന്തകളെയും അഭിലാഷങ്ങളെയും ഉൾക്കൊള്ളാൻ സമുദായ സംഘടനകൾക്ക് ഇപ്പോഴും സാധിക്കുന്നില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം.ഷാജി. കാലിക്കറ്റ് സർവകലാശാല സി.എച്ച്. മുഹമ്മദ് കോയ ചെയർ ഫോർ
സ്റ്റഡീസ് ഓൺ ഡെവലപ്പിങ് സൊസൈറ്റീസ് സംഘടിപ്പിച്ച മൂന്നാമത് സി.എച്ച്. മുഹമ്മദ് കോയ ദേശീയ സെമിനാർ സമാപനസമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസപരമായും സാമൂഹികപരമായും മുസ്‌ലിം പെൺകുട്ടികൾ വലിയൊരു കുതിച്ചുചാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഭരണഘടനാ അവകാശലംഘനങ്ങൾക്കെതിരെ നടന്ന സി.ജെ.പി സമരത്തിൽ പോലും അവർ വലിയ പങ്കുവഹിച്ചു. എന്നാൽ അവരെ നയിക്കാനോ നിർദേശങ്ങൾ നൽകാനോ പുരോഗമനപരമെന്ന് അവകാശപ്പെടുന്ന സംഘടനകൾക്കു പോലും സാധിക്കുന്നില്ല. ഇതു കൊണ്ടാണ് മുസ്‌ലിം പെൺകുട്ടികൾ നിരീശ്വരവാദം പോലെയുള്ള ആശയങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നതെന്നും ഷാജി പറഞ്ഞു.
യുഡിഎഫ് മന്ത്രിസഭ അധികാരമേറ്റെടുത്ത് മൂന്നു മാസം പിന്നിടുമ്പോൾ തന്നെ ഭരണസംവിധാനത്തിൽ കാലാകാലങ്ങളായുള്ള കുരുക്കുകളും നൂലാമാലകളും തങ്ങൾക്കെല്ലാം ബോധ്യപ്പെട്ടിട്ടുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പ് എന്നത് അറ്റം മുട്ടിക്കാനാവാത്ത വകുപ്പാണ്. അപ്രിയസത്യങ്ങൾ തുറന്നു പറയുമ്പോൾ പലരും തന്നോട് അത്രയ്ക്കൊന്നും വേണ്ടായിരുന്നു എന്നു പറയാറുണ്ട്. എന്നാൽ സി.എച്ചിന്റെ ധൈര്യവും ആർജവവുമാണ് തന്നെ നയിക്കുന്നത്. കഴിവുകെട്ടവർ എന്നു വിശേഷിപ്പിച്ചാലും അഴിമതിക്കാർ എന്നു വിശേഷിപ്പിക്കപ്പെടരുത് എന്ന സി.എച്ചിന്റെ വാക്കുകളാണ്
ലീഗ് മന്ത്രിമാർ പിന്തുടരുന്ന പെരുമാറ്റച്ചട്ടം. പ്രതിപക്ഷത്തിരിക്കുന്നതു പോലെ അനായാസമല്ല ഭരണം എന്ന ബോധ്യം തങ്ങൾക്കുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. സി.എച്ച് മുഹമ്മദ് കോയ ചെയർ ഡയറക്ടർ ഖാദർ പാലാഴി അധ്യക്ഷനായി. നജീബ് കാന്തപുരം എംഎൽഎ മുഖ്യപ്രഭാഷണം നിർവഹിച്ചു. ഡോ. എം.കെ. മുനീർ, അഡ്വ. ഫൈസൽ ബാബു എംഎൽഎ, കബീർ മുതുപറമ്പിൽ, ഡോ. എ.കെ. ഷാഹിന മോൾ, സി.കെ സുബൈർ, വി.കെ.എം ഷാഫി, പി.വി അഹമ്മദ് സാജു, ടി.പി.എം ബഷീർ, ഹനീഫ മുന്നിയൂർ, അഡ്വ. തൊഹാനി, ഡോ. മുസമ്മിൽ എൻ.എം എന്നിവർ പ്രസംഗിച്ചു. വിവിധ അക്കാദമിക് സെഷനുകളിലായി ജെ.ദേവിക, ഡോ.ആർദ്ര നീലകണ്ഠൻ ഗിരിജ, ഡോ.ആമിർ അലി, ഡോ.ഹരീഷ് എസ്.വാങ്കഡെ, കണ്ണൻ ഗോപിനാഥൻ, ഡോ.ബദ്‌രിയ ബീഗം പി., ഹിലാൽ അഹമ്മദ്, എ.മുഹമ്മദ് ഹനീഫ, നുസൈബ പി., ഷംസീർ കോളോത്ത്, അമൽ ഹുദ, ഷെരീഫ് സാഗർ എന്നിവർ സംസാരിച്ചു.
റിപ്പോർട്ടർ:
അഷ്റഫ് കളത്തിങ്ങൽ പാറ
9744663366
إرسال تعليق
Thanks