മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നടപ്പാക്കിയില്ലെന്ന് പരാതി


തിരൂരങ്ങാടി: അരിയപ്പാറ–നെച്ചിമണ്ണിൽ റോഡ് പൂർണ്ണമായും ഗതാഗതയോഗ്യമാക്കണമെന്ന കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നടപ്പാക്കാത്തതിനെതിരെ സമർപ്പിച്ച റിവ്യൂ ഹർജി കമ്മീഷൻ പരിഗണിച്ചു. തുടർന്ന് തിരൂരങ്ങാടി നഗരസഭാ സെക്രട്ടറിയോട് ഒക്ടോബർ 13ന് നടക്കുന്ന ഹിയറിങ്ങിൽ നേരിട്ട് ഹാജരാകാൻ കമ്മീഷൻ നിർദേശം നൽകി.

പരാതിയിൽ പരാമർശിച്ച റോഡിന്റെ ഒരു ഭാഗത്ത് മാത്രം പ്രവൃത്തി നടത്തിയ ശേഷം നഗരസഭ റിപ്പോർട്ട് സമർപ്പിച്ചതായി കമ്മീഷൻ നേരത്തെ നടത്തിയ സിറ്റിങ്ങിൽ കണ്ടെത്തിയിരുന്നു. റോഡ് പൂർണ്ണമായും ഗതാഗതയോഗ്യമാകാത്തതിനാൽ പ്രദേശവാസികൾക്കും വാഹനയാത്രക്കാർക്കും ബുദ്ധിമുട്ട് തുടരുന്നതായും സുഗമമായ ഗതാഗതത്തിന് തടസ്സമുണ്ടാകുന്നതായും കമ്മീഷൻ വിലയിരുത്തി. ഇക്കാര്യം നഗരസഭ ഉദ്യോഗസ്ഥരും സിറ്റിങ്ങിൽ സ്ഥിരീകരിച്ചിരുന്നു.

റോഡിന്റെ ശേഷിക്കുന്ന ഭാഗത്തെ പ്രവൃത്തികൾ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി നഗരസഭ അധികൃതർ കമ്മീഷനെ അറിയിച്ചിരുന്നു. എന്നാൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാൽ തുടർനിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നും പരാതിക്കാരൻ കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തി.

ഇതേത്തുടർന്ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുമ്പായി റോഡ് നിർമാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കി റോഡ് പൂർണ്ണമായും ഗതാഗതസജ്ജമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തണമെന്ന് കമ്മീഷൻ തിരൂരങ്ങാടി നഗരസഭ സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു.

കൂടാതെ, ഉത്തരവിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി ഉത്തരവ് ലഭിച്ച് രണ്ട് മാസത്തിനകം കമ്മീഷൻ മുമ്പാകെ റിപ്പോർട്ട് സമർപ്പിക്കണമെന്നും നഗരസഭ സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു.

എന്നാൽ കമ്മീഷന്റെ നിർദേശം യഥാസമയം നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരായ അബ്ദുൽ റഹീം പൂക്കത്ത് തിരൂരങ്ങാടി , ഒരുമ റസിഡൻസ് അസോസിയേഷൻ ട്രഷറർ സിദ്ധിഖ്  പറമ്പൻ , അസ്ലം വിപി, ടീ.മൊയ്തീൻകുട്ടി, പി പി സൈതലവി എന്നിവർ റിവ്യൂ ഹർജി സമർപ്പിച്ചത്. ഹർജി പരിഗണിച്ച കമ്മീഷൻ നഗരസഭയുടെ നടപടികൾ സംബന്ധിച്ച് വിശദീകരണം തേടുന്നതിനായി ഒക്ടോബർ 13ലെ ഹിയറിങ്ങിൽ നഗരസഭ സെക്രട്ടറിയുടെ നേരിട്ടുള്ള ഹാജർ നിർബന്ധമാക്കി.

മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിന് ശേഷവും റോഡ് പൂർണ്ണമായും ഗതാഗതയോഗ്യമാക്കാത്ത സാഹചര്യത്തിൽ നഗരസഭ സ്വീകരിച്ച നടപടികൾ ഹിയറിങ്ങിൽ നിർണായകമാകും. കമ്മീഷന്റെ തുടർനടപടിയിലേക്ക് പ്രദേശവാസികളും യാത്രക്കാരും ശ്രദ്ധയോടെ കാത്തിരിക്കുകയാണ്.



ഫോട്ടോ :- തിരൂർ പൊതുമരാമത്ത് വകുപ്പ് ഓഫീസിൽ നടന്നു മനുഷ്യാവകാശ കമ്മീഷൻ ഹിയറിങിൽ മനുഷ്യാവകാശ പ്രവർത്തകൻ അബ്ദുൽ റഹീം പൂക്കത്ത് കമ്മീഷനോട് കാര്യങ്ങൾ വിശദീകരിക്കുന്നു

Post a Comment

Thanks

Previous Post Next Post