കറന്റില്ലാതെ പരപ്പനങ്ങാടി, ഉറക്കമില്ലാതെ ജനങ്ങളും രാത്രികാലങ്ങളിലെ വൈദ്യുതി മുടക്കം ദുരിതമാകുന്നു


പരപ്പനങ്ങാടി നഗരസഭാ പരിധിയിലും പരിസര പ്രദേശങ്ങളിലും രാത്രികാലങ്ങളിൽ തുടർച്ചയായുണ്ടാകുന്ന വൈദ്യുതി മുടക്കം ജനജീവിതം കടുത്ത ദുരിതത്തിലാക്കുന്നു.യാതൊരുവിധ മുൻകൂട്ടിയുള്ള അറിയിപ്പുകളുമില്ലാതെ മണിക്കൂറുകളോളമാണ് രാത്രികാലങ്ങളിൽ വൈദ്യുതി വിച്ഛേദിക്കപ്പെടുന്നത്.രാത്രിയിലെ അപ്രതീക്ഷിത ലോഡ്ഷെഡിങ്ങും കടുത്ത വോൾട്ടേജ് വ്യതിയാനവും കാരണം വ്യാപാരികളും വൻ പ്രതിസന്ധിയിലാണ്. കടുത്ത ചൂടിൽ ആശ്വാസം തേടുന്ന ജനങ്ങൾക്ക് വൈദ്യുതി മുടക്കം കാരണം ഉറക്കമില്ലാത്ത രാത്രികളാണ് ലഭിക്കുന്നത്. പ്രശ്നത്തെക്കുറിച്ച് കെ.എസ്.ഇ.ബി ഓഫീസുകളിൽ ഉപഭോക്താക്കൾ നിരന്തരം പരാതിപ്പെടുന്നുണ്ടെങ്കിലും ശാശ്വത പരിഹാരം കാണാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പ്രധാന ആക്ഷേപം.


പലപ്പോഴും ഓഫീസുകളിലേക്ക് വിളിക്കുന്ന ഫോൺ കോളുകളോട് പോലും ജീവനക്കാർ കൃത്യമായി പ്രതികരിക്കാറില്ലെന്നും പരാതിയുണ്ട്. നഗരസഭാ പരിധിയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും രാത്രികാലങ്ങളിൽ അനുഭവപ്പെടുന്ന ഈ കറന്റ് കട്ട് അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിവരാവകാശ മനുഷ്യാവകാശ പ്രവർത്തകൻ  വൈദ്യുതി മന്ത്രിക്കും ബന്ധപ്പെട്ട ജനപ്രതിനിധികൾക്കും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്കും ഇ-മെയിൽ മുഖേന നിവേദനം നൽകി.


സാങ്കേതിക തകരാറുകൾ, ഓവർലോഡ്, കാലപ്പഴക്കം ചെന്ന ലൈനുകൾ എന്നിവ പരിശോധിച്ചു പരിഹരിക്കണമെന്നും അടിയന്തരമായി ശാശ്വത നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും സുരക്ഷയെയും ബാധിക്കുന്ന ഇത്തരം വീഴ്ചകൾക്കെതിരെ അടിയന്തര നടപടി ഉണ്ടാകണമെന്നാണ് പൊതുപ്രവർത്തകരുടെയും നാട്ടുകാരുടെയും ആവശ്യം.


Post a Comment

Thanks

أحدث أقدم