കക്കാട്ടെ ശാസ്ത്രീയമല്ലാത്ത ബസ് സ്റ്റോപ്പ് ക്രമീകരണം

 


കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസ് സ്റ്റോപ്പ് അടിയന്തരമായി പുനഃക്രമീകരിക്കണമെന്ന് ആവശ്യം


തിരൂരങ്ങാടി: കക്കാട് ഭാഗത്ത് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസുകൾ നിർത്തുന്ന സ്ഥലത്തെ അശാസ്ത്രീയമായ ക്രമീകരണം യാത്രക്കാരുടെയും വിദ്യാർത്ഥികളുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്നതായി പരാതി. ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ വിദ്യാർത്ഥിനി കാലിടറി വീണ് പരിക്കേറ്റത് ആശങ്ക വർധിപ്പിച്ചു. മുമ്പും സമാനമായ അപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാരുടെ പരാതി.

റോഡിന്റെ വളവുകളിലും വീതികുറഞ്ഞതും കാൽനടയാത്രയ്ക്ക് മതിയായ സൗകര്യമില്ലാത്തതുമായ ഭാഗങ്ങളിലുമാണ് പല ബസുകളും നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. ബസിൽ നിന്ന് ഇറങ്ങുന്നവർക്ക് സുരക്ഷിതമായി റോഡിൽ നിന്ന് മാറിനിൽക്കുന്നതിനും കാൽനടയായി പോകുന്നതിനും ആവശ്യമായ സൗകര്യങ്ങൾ നിലവിലില്ലാത്തതും അപകടസാധ്യത വർധിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടുന്നു.

പ്രത്യേകിച്ച് വിദ്യാർത്ഥികളും സ്ത്രീകളും വയോധികരും ബസിൽ നിന്ന് ഇറങ്ങുമ്പോൾ സമീപത്തുകൂടി കടന്നുപോകുന്ന വാഹനങ്ങൾ അപകടഭീഷണി സൃഷ്ടിക്കുന്നുണ്ട്. അതോടൊപ്പം വേങ്ങര ഭാഗത്തേക്ക് പോകുന്ന പഴയ ബസ്റ്റോപ്പിൽ കാത്തുനിൽക്കുന്നവർ ബസ് വരുമ്പോൾ റോഡ് മുറിച്ച് ഇറങ്ങി ഓടുന്നതും അപകടസാധ്യത വർദ്ധിപ്പിക്കുന്നു ശാസ്ത്രീയമായി നിർണയിച്ച ബസ് ബേയോ സുരക്ഷിതമായ ബസ് ഷെൽട്ടറോ യാത്രക്കാർക്ക് ഇറങ്ങി നിൽക്കാനുള്ള പ്ലാറ്റ്‌ഫോമോ ഒരുക്കാത്തത് പ്രശ്നം കൂടുതൽ ഗുരുതരമാക്കുന്നതായും പരാതിയിൽ പറയുന്നു.

ബസ് സ്റ്റോപ്പിന്റെ നിലവിലെ സ്ഥാനം അടിയന്തരമായി പരിശോധിച്ച്, ഗതാഗത സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന രീതിയിൽ പുനഃക്രമീകരിക്കണമെന്നും ആവശ്യപ്പെട്ട് മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (MAPS) ജില്ലാ കലക്ടർക്ക് പരാതി നൽകി.

യാത്രക്കാരുടെയും വിദ്യാർത്ഥികളുടെയും സുരക്ഷ മുൻനിർത്തി മോട്ടോർ വാഹന വകുപ്പും പൊതുമരാമത്ത് ദേശീയപാത വകുപ്പും ബന്ധപ്പെട്ട മറ്റു വകുപ്പുകളും അടിയന്തരമായി സ്ഥലപരിശോധന നടത്തി ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് MAPS ആവശ്യപ്പെട്ടു.

MAPS ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് തിരൂരങ്ങാടി, ഷബീബ് കക്കാട്,സി പി അസീസ് കക്കാട്, അഷ്റഫ് മനരിക്കൽ, പി. പി. സുബൈർ, നയാസ് അഞ്ചുപുര എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലാ കലക്ടർക്ക് പരാതി നൽകിയത്.


ഫോട്ടോ : സുരക്ഷിതമല്ലാത്ത രീതിയിൽ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ നിർത്തി ആളെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത്

Post a Comment

Thanks

Previous Post Next Post