കാറിൽ എത്തിയത് ലഹരിസംഘമെന്ന് സംശയം: നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിലേൽപ്പിച്ചു

 


വേങ്ങര: കുറ്റൂർ കുഴിച്ചെനയിലെ ടർഫ് ഗ്രൗണ്ടിന് സമീപം പുലർച്ചെ സംശയകരമായ സാഹചര്യത്തിൽ കണ്ട യുവതി അടങ്ങുന്ന സംഘത്തെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിലേൽപ്പിച്ചു. അപരിചിതരായ യുവതിയും യുവാക്കളും സഞ്ചരിച്ച കാറാണ് ടർഫിന് സമീപം റോഡിൽ നിന്ന് ഉള്ളിലേക്ക് മാറ്റി നിർത്തിയിട്ട നിലയിൽ കാണപ്പെട്ടത്.


എം.ഡി.എം.എ ഉൾപ്പെടെയുള്ള രാസലഹരി വിൽപന നടത്തുന്ന സംഘമാണെന്ന സംശയത്തിൽ നാട്ടുകാർ വാഹനം തടയുകയും ഉടൻ തന്നെ വേങ്ങര പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പോലീസ് സംഘം വാഹനവും അതിലുണ്ടായിരുന്നവരെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.


കഴിഞ്ഞ രണ്ടുദിവസമായി ഇവർ പ്രദേശത്ത് കാറിൽ കറങ്ങിനടന്നിരുന്നതായും ലഹരി ഉപയോഗിച്ചിരുന്നതായും നാട്ടുകാർ ആരോപിക്കുന്നു. പോലീസ് എത്തുന്നതിന് തൊട്ടുമുമ്പ് സമീപവാസിയായ ഒരു യുവാവിന് ഇവർ ഒരു കവർ കൈമാറുന്നത് കണ്ടതായും പ്രദേശവാസികൾ വെളിപ്പെടുത്തി.


എന്നാൽ, പോലീസിന്റെ പ്രാഥമിക പരിശോധനയിൽ വാഹനത്തിൽ നിന്ന് ലഹരിവസ്തുക്കളൊന്നും കണ്ടെത്താനായിട്ടില്ലെങ്കിലും ഇവർ ലഹരി ഉപയോഗിച്ചതായി സംശയിക്കുന്നതായി വേങ്ങര പോലീസ്.


പ്രദേശത്ത് കുറച്ചുകാലമായി രാസലഹരി വിൽപന സംഘങ്ങൾ സജീവമാണെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ നേരത്തെയും പരാതി നൽകിയിരുന്നു. ജില്ലാ ഡാൻസാഫ് സംഘം പ്രദേശത്ത് നിരീക്ഷണം നടത്താറുണ്ടെങ്കിലും ലഹരിസംഘങ്ങൾ തന്ത്രപൂർവ്വം രക്ഷപ്പെടുകയാണ് പതിവ്.


ചെറിയൊരു ഇടവേളയ്ക്ക് ശേഷം പ്രദേശത്ത് ലഹരിവിൽപന വീണ്ടും ശക്തമാകുന്നതിൽ നാട്ടുകാർ കടുത്ത ആശങ്കയിലാണ്. പ്രദേശത്തെ ലഹരി വിപണനത്തിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്കും ഉന്നത പോലീസ് അധികാരികൾക്കും പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് പ്രദേശവാസികൾ

Post a Comment

Thanks

Previous Post Next Post