മിനിമം ചാർജ് 15 രൂപയാക്കണം, വിദ്യാർഥികൾക്ക് 50% കൺസെഷൻ; ബസ് ചാർജ് വർധിപ്പിച്ചില്ലെങ്കിൽ Another പ്രക്ഷോഭമെന്ന് സ്വകാര്യ ബസ് ഉടമകൾ..!


സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് അടിയന്തരമായി വർധിപ്പിക്കണമെന്ന ആവശ്യവുമായി ബസ് ഉടമകൾ രംഗത്ത്. ആവശ്യങ്ങളുന്നയിച്ച് ബസ് ഉടമകളുടെ സംഘടന പ്രതിനിധികൾ ഗതാഗത മന്ത്രിക്ക് നിവേദനം നൽകി. മിനിമം ബസ് ചാർജ് 15 രൂപയാക്കി ഉയർത്തണമെന്നും വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് നിലവിലെ യാത്രാനിരക്കിന്റെ 50 ശതമാനമാക്കണമെന്നുമാണ് പ്രധാന ആവശ്യം.


നിലവിലെ മിനിമം നിരക്കായ 12 രൂപയിൽ നിന്ന് 15 രൂപയായി വർധിപ്പിക്കുക, വിദ്യാർഥികളുടെ യാത്രാനിരക്ക് നിലവിലുള്ള നിരക്കിന്റെ 50 ശതമാനമായി (കുറഞ്ഞത് 5 രൂപ മുതൽ 7.50 രൂപ വരെ) ക്രമീകരിക്കുക, രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കുക എന്നിവയാണ് ബസ് ഉടമകൾ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങൾ.


നിവേദനത്തിലെ ആവശ്യങ്ങൾ അടിയന്തരമായി അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ ബസുകളും നിരത്തിലിറക്കാതെ പണിമുടക്ക് ഉൾപ്പെടെയുള്ള ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.


കഴിഞ്ഞ നാലര വർഷമായി സംസ്ഥാനത്ത് ബസ് നിരക്ക് വർധിപ്പിച്ചിട്ടില്ലെന്നും ഈ കാലയളവിൽ ഡീസൽ വിലയിൽ മാത്രം 13 രൂപയുടെ ഭീമമായ വർധനവുണ്ടായെന്നും ബസ് ഉടമകൾ ചൂണ്ടിക്കാണിക്കുന്നു. പ്രിയദർശിനി പദ്ധതി ഉൾപ്പെടെയുള്ള മാറ്റങ്ങൾ കാരണം സ്വകാര്യ ബസ് മേഖലയ്ക്ക് വലിയ രീതിയിലുള്ള വരുമാനച്ചോർച്ചയാണുണ്ടായിട്ടുള്ളത്. 


നിരക്ക് വർധനവില്ലാതെ സർവീസ് മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്ന് കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ. വരും ദിവസങ്ങളിൽ മറ്റ് ബസ് ഉടമ സംഘടനകളുമായി ചർച്ച നടത്തി സംയുക്ത പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകാനാണ് ഉടമകളുടെ തീരുമാനം.

Post a Comment

Thanks

Previous Post Next Post