കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങളും പാർക്കിങ് നിരോധനവും; നിയമം ലംഘിച്ചാൽ കർശന നടപടി


കോഴിക്കോട്: ഓണത്തോടനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്ത് നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിനായി ഓഗസ്റ്റ് 20 മുതൽ 31 വരെ കർശന ഗതാഗത നിയന്ത്രണങ്ങളും പാർക്കിങ് നിരോധനവും ഏർപ്പെടുത്തി. എമർജൻസി വാഹനങ്ങൾക്ക് മാത്രമായിരിക്കും പാർക്കിങ് അനുവദിക്കുക. നിർദേശങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ ലോക്ക് ചെയ്യുകയോ ക്രെയിൻ ഉപയോഗിച്ച് മാറ്റി ഉടമയിൽ നിന്ന് തുക ഈടാക്കുകയും പിഴ ചുമത്തുകയും ചെയ്യുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ മുന്നറിയിപ്പ് നൽകി.


ബസ് സ്റ്റോപ്പുകൾ, ജങ്ഷനുകൾ, വളവുകൾ, ഫുട്പാത്തുകൾ എന്നിവിടങ്ങളിൽ പാർക്കിങ് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. ഫുട്പാത്തിലൂടെ ഓടിക്കുന്ന വാഹനങ്ങൾ കസ്റ്റഡിയിലെടുക്കും. വ്യാപാരികൾ തങ്ങളുടെ സ്ഥാപനങ്ങൾക്കു മുന്നിൽ വാഹനങ്ങൾ ഗതാഗത തടസ്സമുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. രാവിലെ 8.00 മുതൽ രാത്രി 11.00 വരെ വലിയ വാഹനങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശനമുണ്ടാകില്ല. പാളയം - പൂന്താനം ജങ്ഷനിൽ രാവിലെ 8.00 മുതൽ രാത്രി 10.00 വരെ യാതൊരു വിധ പാർക്കിങ്ങോ കച്ചവടങ്ങളോ അനുവദിക്കില്ല. മാർക്കറ്റിലേക്ക് ലോറികൾക്ക് കയറാനും ഇറങ്ങാനും അനുമതിയുണ്ടാകില്ല. പൂന്താനം ഭാഗത്ത് രാത്രി സർവീസ് നടത്തുന്ന ഇന്റർ സ്റ്റേറ്റ് ബസ്സുകൾക്ക് വൈകുന്നേരം 5 മണിക്ക് ശേഷം ഒരേ സമയം രണ്ട് ബസ്സുകൾ മാത്രമേ പാർക്ക് ചെയ്യാൻ സാധിക്കൂ.


ബസ്സുകൾ നിശ്ചിത സ്റ്റോപ്പുകളിൽ മാത്രം റോഡരികിലേക്ക് ചേർത്ത് നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യണം. ഓട്ടോറിക്ഷകൾ അനുവദിക്കപ്പെട്ട സ്റ്റാന്റുകളിൽ മാത്രമേ നിർത്തിയിടാൻ പാടുള്ളൂ. മാവൂർ റോഡ് പുതിയ സ്റ്റാന്റ് ബസ് ബേയ്ക്ക് മുൻവശവും കെ.എസ്.ആർ.ടി.സി സ്റ്റാന്റിന് എതിർവശവും ഓട്ടോകൾ നിർത്തിയിടാൻ പാടില്ല. ലൈസൻസുള്ള തട്ടുകടകളും ഉന്തുവണ്ടികളും അനുവദിക്കപ്പെട്ട സ്ഥലങ്ങളിൽ മാത്രം പ്രവർത്തിക്കണം. അനധികൃത കച്ചവടങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

Post a Comment

Thanks

Previous Post Next Post