ആനങ്ങാടി റോഡ് കയ്യേറ്റം പൊതുമരാമത്ത് വകുപ്പ് സർവേ നടപടികൾ ആരംഭിച്ചു


വള്ളിക്കുന്ന്: തിരൂർ–കടലുണ്ടി റോഡ് പ്രവൃത്തി പൂർത്തിയായിട്ടും വള്ളിക്കുന്ന് പഞ്ചായത്തിലെ ആനങ്ങാടി ബസ് സ്റ്റോപ്പിലെ യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമായില്ല. പൊരിയുന്ന വെയിലിൽ തണലില്ലാതെ റോഡരികിൽ ബസ് കാത്തുനിൽക്കേണ്ട അവസ്ഥയാണ് യാത്രക്കാർക്ക്. ബസ് സ്റ്റോപ്പും നടപ്പാതയും കയ്യേറിയുള്ള വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനവും യാത്രക്കാരുടെ ദുരിതം വർധിപ്പിക്കുന്നതായി പരാതിനൽകിയതിനെത്തുടർന്ന് പൊതുമരാമത്ത് വകുപ്പ് താലൂക്ക് സർവേയർക്ക് കത്ത് നൽകുകയും പൊതുമരാമത്ത് വകുപ്പ് അതിർത്തി നിർണയിക്കാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.


റോഡ് പ്രവൃത്തികളുടെ ഭാഗമായി ഡ്രൈനേജ് സ്ഥാപിച്ചെങ്കിലും കൃത്യമായ സർവേ നടത്തി പൊതുമരാമത്ത് ഭൂമിയിലെ കയ്യേറ്റങ്ങൾ കണ്ടെത്താത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് പരാതിക്കാർ പറയുന്നത്. ബസ് സ്റ്റോപ്പിന്റെ കൈവരികൾ തകർത്തതായും റോഡ് ഉയർത്തിയത് കാരണം ബസ്റ്റോപ്പിന് ഉയരം കുറവാവുകയും ചെയ്തിട്ടുണ്ടെന്നും

ബസ് സ്റ്റോപ്പ യാത്രക്കാർക്ക് സുരക്ഷിതമായ ബസ് കാത്തിരിപ്പ് കേന്ദ്രവും നടപ്പാതയും ഒരുക്കണമെന്നും പൊതുമരാമത്ത് ഭൂമിയിലെ കയ്യേറ്റങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും കൈവരികൾ തകർത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സാമൂഹ്യ-മനുഷ്യാവകാശ പ്രവർത്തകരായ അബ്ദുറഹീം പൂക്കത്ത്, പി.പി. സുബൈർ ആനങ്ങാടി, നസറുദ്ദീൻ തങ്ങൾ കൊട്ടംതല, ഷൈനി പട്ടാളത്തിൽ എന്നിവരുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ പരാതിയും നൽകിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ തിരൂരങ്ങാടി താലൂക്ക് സർവേയർ സിന്ധുജ, ഓവർസിയർ മുനവ്വിർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് സർവേ നടപടികൾ ആരംഭിച്ചു. മനുഷ്യാവകാശ–വിവരാവകാശ പ്രവർത്തകൻ അബ്ദുറഹീം പൂക്കത്ത്, പി.പി. സുബൈർ എന്നിവരും സർവേ നടപടികളിൽ പങ്കെടുത്തു.

പൊതുമരാമത്ത് ഭൂമിയുടെ അതിർത്തി, നിലവിലുള്ള കയ്യേറ്റങ്ങൾ, ബസ് സ്റ്റോപ്പിന്റെയും നടപ്പാതയുടെയും സ്ഥിതി എന്നിവ പരിശോധിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർക്ക് സുരക്ഷിതമായി ബസ് കാത്തുനിൽക്കാൻ കഴിയുന്ന തരത്തിൽ ബസ് സ്റ്റോപ്പ് അടിയന്തരമായി ഇപ്പോഴുള്ള ഭാഗത്ത് തന്നെ അറ്റകുറ്റപ്പണികൾ നടത്തി സ്ഥാപിക്കണമെന്നും   നാട്ടുകാർ ആവശ്യപ്പെടുന്നു.



ഫോട്ടോ :- തിരൂരങ്ങാടി താലൂക്ക് സർവേയുടെ നേതൃത്വത്തിൽ ആനങ്ങാടി ഭാഗത്ത് സർവ്വേ നടപടികൾ ആരംഭിച്ചപ്പോൾ

Post a Comment

Thanks

أحدث أقدم