തിരൂരിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികൻ ബസിനടിയിൽപ്പെട്ട് മരിച്ചു


തിരൂർ |  കെ.ജി. പടിയിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. തിരൂർ താഴേപ്പാലം അന്നാര റോഡിലെ ആഷിയാന കൊങ്ങണം വീട്ടിൽ ഷാമിൽ (22) ആണ് മരണപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് 3:30-ഓടെ തിരൂർ-കുറ്റിപ്പുറം റൂട്ടിലോടുന്ന 'ഫർഹാന' എന്ന സ്വകാര്യ ബസ് ഷാമിൽ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിനടിയിലേക്ക് തെറിച്ചുവീണ ഷാമിലിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


തിരൂരിൽ നിന്ന് കെ.ജി. പടിയിലുള്ള ഒരു ഹോട്ടലിൽ സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാൻ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഷാമിലിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന സുഹൃത്ത് താഴെപ്പാലം പുത്തുത്തോട്ടിൽ വീട്ടിൽ ഇസ്മായിലിന്റെ മകൻ നിഹാൽ (20) നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. തിരൂരിലെ അഭിഭാഷകൻ സാബിറിന്റെയും സീനസനത്തിന്റെയും മകനാണ് ഷാമിൽ. സലീൽ, സാഹിൽ, സൈല എന്നിവർ സഹോദരങ്ങളാണ്.


അപകടത്തെത്തുടർന്ന് തിരൂർ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഞായറാഴ്ച രാവിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം തിരൂർ കോരങ്ങത്ത് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കം നടക്കും.

Post a Comment

Thanks

أحدث أقدم