കഴിഞ്ഞ ഞായറാഴ്ച കുറ്റിപ്പുറത്ത് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഒരാൾ മരിക്കാനിടയായ അപകടത്തിന് കാരണം 'അക്വാപ്ലെയ്‌നിങ്' ആണെന്ന് പ്രാഥമിക നിഗമനം.
കനത്ത മഴയിൽ റോഡിനും ബസിന്റെ ടയറുകൾക്കും ഇടയിൽ വെള്ളപ്പാളി രൂപപ്പെട്ടതാണ് നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം മറിയാൻ ഇടയാക്കിയതെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
പരിശോധനയിൽ ബസിന്റെ ടയറുകൾക്ക് കാര്യമായ തേയ്മാനങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ല. തൃശൂർ-കോഴിക്കോട് റൂട്ടിലോടുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ കോഴിക്കോട് പെരുവയൽ സ്വദേശി വൈഷ്ണവ് മരണപ്പെടുകയും നിരവധിയാളുകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടത്തിൽ ബസ് പൂർണ്ണമായും തകർന്നു. സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവർക്കെതിരെ കുറ്റിപ്പുറം പോലീസ് കേസെടുത്തിട്ടുണ്ട്.
സംഭവസ്ഥലത്ത് ഇന്ന് പോലീസ്, മോട്ടോർ വാഹന വകുപ്പ്, ദേശീയപാത അതോറിറ്റി എന്നിവർ ചേർന്ന് സംയുക്ത പരിശോധന നടത്തും.
അപകടസമയത്തെ ബസിന്റെ വേഗതയും റോഡിന്റെ അശാസ്ത്രീയ നിർമ്മാണവും സംബന്ധിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ നിർദേശിച്ച അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കും.
إرسال تعليق
Thanks