ഡോക്ടര്‍ കൊല്ലപ്പെട്ട നിലയില്‍, എട്ടു വയസ്സുള്ള മകന്‍ കുത്തേറ്റ് അബോധാവസ്ഥയില്‍; ഡോക്ടറായ യുവതി കസ്റ്റഡിയില്‍


  ബംഗളൂരു: കര്‍ണാടകയിലെ ധാര്‍വാഡില്‍ ഡോക്ടര്‍ അപ്പാര്‍ട്ട്‌മെന്റില്‍ കൊല്ലപ്പെട്ട നിലയില്‍. എട്ടു വയസ്സുള്ള മകനെ കുത്തേറ്റ നിലയിലും കണ്ടെത്തി. ചിരായുവ് ആശുപത്രിയിലെ അനസ്തേഷ്യോളജിസ്റ്റായ ഡോ. കിരണ്‍ ഹൊനന്നാവര്‍ (45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ ഡോക്ടര്‍ പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്തു.


പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. കസ്റ്റഡിയിലുള്ള പ്രിയങ്ക നേത്രരോഗവിദഗ്ധയാണ്. ഇവര്‍ നിലവില്‍ കടുത്ത മാനസികാഘാതത്തിലാണെന്നും, പരസ്പരവിരുദ്ധവും അസാധാരണവുമായ കാര്യങ്ങളാണ് പറയുന്നതെന്നും പൊലീസ് സൂചിപ്പിച്ചു. ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങളുള്ള അപ്പാര്‍ട്ട്‌മെന്റിലാണ് ഇവരുടെ താമസം. അതുകൊണ്ട് തന്നെ പുറത്തുനിന്നും ആളുകള്‍ പ്രവേശിക്കാനുള്ള സാധ്യതയില്ലെന്നാണ് പൊലീസിന്റെ നിഗമനം.


സംഭവം നടക്കുന്ന സമയത്ത് കൊല്ലപ്പെട്ട കിരണും ഭാര്യയും മകനും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു. ഡോ. കിരണിന്റെ ബന്ധുക്കള്‍ അദ്ദേഹത്തെ ബന്ധപ്പെടാന്‍ പലതവണ ശ്രമിച്ചതിനെ തുടര്‍ന്നാണ് കേസ് വെളിച്ചത്തുവന്നത്. അദ്ദേഹം വിശ്രമിക്കുകയാണെന്നും പിന്നീട് പുറത്തുപോയെന്നും ഭാര്യ അവരോട് പറഞ്ഞതായി പറയപ്പെടുന്നു. വൈകുന്നേരമായിട്ടും ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ ഡോക്ടറെ കണ്ടെത്തിയത്.


വീടിനുള്ളില്‍ പരിക്കേറ്റ കുട്ടിയെയും കണ്ടെത്തി. പൊലീസ് എത്തുമ്പോള്‍ കുട്ടിക്ക് നേരിയ ശ്വാസം മാത്രമാണ് ഉണ്ടായിരുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഭര്‍ത്താവിനെ ഒരു മുറിയിലും പരുക്കേറ്റ കുട്ടിയെ മറ്റൊരു മുറിയിലുമാണ് കണ്ടെത്തിയത്. കൊലപാതകത്തില്‍ ഡോ. പ്രിയങ്കയ്ക്ക് പങ്കുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നുണ്ടെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല 

Post a Comment

Thanks

أحدث أقدم