നടപ്പാതയിൽ വെള്ളക്കെട്ട്; കാൽനടയാത്രക്കാർ ദുരിതത്തിൽ

 


പരപ്പനങ്ങാടി: പരപ്പനങ്ങാടി–ചെമ്മാട് സംസ്ഥാനപാതയിൽ പനയത്തിൽ പള്ളിക്ക് മുൻവശത്തെ നടപ്പാതയിൽ മഴവെള്ളവും മലിനജലവും സ്ഥിരമായി കെട്ടിക്കിടക്കുന്നത് കാൽനടയാത്രക്കാരുടെ സുരക്ഷയും സഞ്ചാരസ്വാതന്ത്ര്യവും അപകടത്തിലാക്കുന്നതായി ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവർത്തകനും വിവരാവകാശ ആക്ടിവിസ്റ്റുമായ അബ്ദുറഹീം പൂക്കത്ത്, പിപി സുബൈർ, നിയാസ് അഞ്ചപ്പുര  പരപ്പനങ്ങാടി നഗരസഭക്ക് പരാതി നൽകി.


നാടുകാണി റോഡ് നവീകരണത്തിന്റെ ഭാഗമായി നിർമ്മിച്ച ഡ്രൈനേജിന് മുകളിൽ അശാസ്ത്രീയമായി സ്ലാബ് സ്ഥാപിച്ചതും, സ്ലാബിന് മുകളിൽ ഇന്റർലോക്ക് കട്ടകൾ പാകാതെ ഉപേക്ഷിച്ചതും, മഴവെള്ളം ഡ്രൈനേജിലേക്ക് ഒഴുകിപ്പോകാൻ ആവശ്യമായ ദ്വാരങ്ങൾ നൽകാതിരുന്നതുമാണ് വെള്ളക്കെട്ടിന് കാരണമെന്ന് പരാതിയിൽ പറയുന്നു. ഇതിന്റെ ഫലമായി മഴ പെയ്താൽ മണിക്കൂറുകളോളം മലിനജലം നടപ്പാതയിൽ കെട്ടിക്കിടക്കുകയും കാൽനടയാത്ര അസാധ്യമായ അവസ്ഥയുണ്ടാകുകയും ചെയ്യുന്നു.


പരപ്പനങ്ങാടിയിലെ പ്രധാന ജനസഞ്ചാര മേഖലയായ ഈ ഭാഗത്ത് പനയത്തിൽ പള്ളി, ബസ് സ്റ്റാൻഡ്, കോടതി, പൊലീസ് സ്റ്റേഷൻ, സിവിൽ സ്റ്റേഷൻ, വിവിധ സർക്കാർ ഓഫീസുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കുന്നതിനാൽ ദിവസേന നൂറുകണക്കിന് ആളുകളാണ് ഈ നടപ്പാതയെ ആശ്രയിക്കുന്നത്. എന്നാൽ വെള്ളക്കെട്ട് കാരണം വിദ്യാർഥികൾ, വയോജനങ്ങൾ, സ്ത്രീകൾ, ഭിന്നശേഷിക്കാർ എന്നിവർ ഉൾപ്പെടെയുള്ളവർക്ക് നടപ്പാത ഉപേക്ഷിച്ച് വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിലൂടെ നടക്കേണ്ടിവരുന്നതായും ഇത് ഗുരുതരമായ അപകടഭീഷണി ഉയർത്തുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.


കെട്ടിക്കിടക്കുന്ന മലിനജലം കൊതുകുകളുടെ പ്രജനനത്തിനും ആരോഗ്യപ്രശ്നങ്ങൾക്കും വഴിവെക്കുന്നതോടൊപ്പം മഴക്കാല രോഗങ്ങൾ പടരുന്നതിന് കാരണമാകുമെന്നും നഗരത്തിന്റെ ശുചിത്വത്തെയും പ്രതികൂലമായി ബാധിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. പൊതുജനങ്ങൾക്ക് സുരക്ഷിതവും തടസ്സരഹിതവുമായ നടപ്പാത ഉറപ്പാക്കേണ്ട ഉത്തരവാദിത്തമുള്ള ബന്ധപ്പെട്ട അധികൃതർ ഇക്കാര്യത്തിൽ കാണിക്കുന്ന അനാസ്ഥ പ്രതിഷേധാർഹമാണെന്നും വിഷയത്തിൽ അടിയന്തരമായി സ്ഥലപരിശോധന നടത്തി വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള സ്ഥിരം പരിഹാരം നടപ്പാക്കുക, ഡ്രൈനേജിൽ ആവശ്യമായ ജലഒഴുക്ക് സംവിധാനം ഒരുക്കുക, സ്ലാബിന് മുകളിൽ ഇന്റർലോക്ക് കട്ടകൾ പാകി നടപ്പാത പൂർണമായും സഞ്ചാരയോഗ്യമാക്കുക എന്നിവയ്ക്ക് നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.



ഫോട്ടോ : പരപ്പനങ്ങാടി നടപ്പാതയിൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ ചവിട്ടാതെ പ്രയാസപ്പെട്ട് നടന്നുവരുന്ന സ്കൂൾ വിദ്യാർഥി

Post a Comment

Thanks

أحدث أقدم