പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാം; കേന്ദ്രത്തിന്റെ നിർണായക വിശദീകരണം


ന്യൂഡൽഹി: പിഎം ശ്രീ (PM SHRI) പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാൻ കഴിയുമെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ വ്യക്തമാക്കി. എംപി അബ്ദുൽ വഹാബ് ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.


പദ്ധതിയിൽ നിന്ന് പിന്മാറുകയോ ധാരണാപത്രത്തിൽ ഒപ്പിടാതിരിക്കുകയോ ചെയ്യുന്ന സംസ്ഥാനങ്ങൾക്ക് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നും കേന്ദ്രം അറിയിച്ചു. കേരളം ധാരണാപത്രത്തിൽ പ്രാഥമികമായി ഒപ്പുവെച്ചിട്ടുണ്ടെങ്കിലും പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സ്കൂളുകളുടെ പട്ടിക ഇതുവരെ കേന്ദ്രത്തിന് കൈമാറിയിട്ടില്ലെന്നും മറുപടിയിൽ പറയുന്നു.


അതേസമയം, കേരളത്തിൽ പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ കഴിഞ്ഞ ദിവസം ചേർന്ന യുഡിഎഫ് യോഗം തീരുമാനിച്ചിരുന്നു. മുൻ സർക്കാർ ധാരണാപത്രത്തിൽ ഒപ്പുവെച്ച സാഹചര്യത്തിൽ പദ്ധതിയിൽ നിന്ന് ഇനി പിന്മാറാനാകില്ലെന്ന നിലപാടും സംസ്ഥാനത്തിന്റെ സാമ്പത്തിക സാഹചര്യവും പരിഗണിച്ചാണ് മുന്നണി അനുകൂല തീരുമാനം കൈക്കൊണ്ടത്.


മന്ത്രിസഭയുടെ അന്തിമ അംഗീകാരം ലഭിച്ചാൽ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സ്കൂളുകളുടെ പട്ടിക സംസ്ഥാന സർക്കാർ തയ്യാറാക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് സമർപ്പിക്കും. പട്ടിക ലഭിച്ച ശേഷമായിരിക്കും കേന്ദ്രം അന്തിമമായി സ്കൂളുകൾ തിരഞ്ഞെടുക്കുക.


സംസ്ഥാനത്തെ 152 ബ്ലോക്കുകളിൽ രണ്ട് വീതം സ്കൂളുകൾ എന്ന കണക്കിൽ 304 സ്കൂളുകൾ പദ്ധതിയിൽ ഉൾപ്പെടേണ്ടതുണ്ടെങ്കിലും നിലവിൽ 265 സ്കൂളുകൾക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്.


ദേശീയ വിദ്യാഭ്യാസ നയമോ പാഠ്യപദ്ധതിയോ സംബന്ധിച്ച് കേന്ദ്രത്തിന്റെ ഇടപെടൽ ഉണ്ടായാൽ നിയമപരമായി നേരിടുമെന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്നത്

Post a Comment

Thanks

أحدث أقدم