കോഴിക്കോട്–മലപ്പുറം ജില്ലകളിൽ സർവീസ് നടത്തുന്ന 'പ്രിയദർശിനി' ബസുകളിൽ യാത്രക്കാരെ ലക്ഷ്യമിട്ട് മോഷണസംഘം സജീവമാകുന്നതായി പരാതി. തിരക്കേറിയ ബസുകളിൽ സ്വർണാഭരണങ്ങളും പണവും കവരുന്ന സംഭവങ്ങൾ വർധിക്കുന്നതായി റിപ്പോർട്ടുണ്ട്.
ഇന്നലെ മാത്രം പെരിന്തൽമണ്ണ–കോഴിക്കോട് റൂട്ടിൽ യാത്ര ചെയ്ത രണ്ട് വനിതാ യാത്രക്കാർക്ക് അഞ്ച് പവനോളം വരുന്ന സ്വർണാഭരണങ്ങളാണ് നഷ്ടമായത്. കോഴിക്കോട് നിന്ന് പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരിയുടെ രണ്ട് പവന്റെ മാലയും, മക്കരപ്പറമ്പിൽ നിന്ന് കയറിയ മൊറയൂർ സ്വദേശിനിയുടെ മൂന്ന് പവൻ താലിമാലയുമാണ് കവർന്നത്.
സംഭവം അറിഞ്ഞ ഉടൻ യാത്രക്കാർ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് കൊണ്ടോട്ടി പോലീസ് രണ്ടിടങ്ങളിലായി സർവീസ് നടത്തിയ ബസുകൾ സ്റ്റേഷനിലെത്തിച്ച് വിശദമായ പരിശോധന നടത്തിയെങ്കിലും മോഷണവസ്തുക്കൾ കണ്ടെത്താനായില്ല.
തിരക്ക് മുതലെടുത്ത് ആഭരണങ്ങൾ കവർന്ന ശേഷം മോഷ്ടാക്കൾ വഴിമധ്യേ ബസിൽ നിന്ന് ഇറങ്ങി രക്ഷപ്പെട്ടിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
തിരക്കേറിയ സമയങ്ങളിൽ ബസ് യാത്ര ചെയ്യുമ്പോൾ വിലപിടിപ്പുള്ള സ്വർണാഭരണങ്ങൾ ധരിക്കുന്നത് പരമാവധി ഒഴിവാക്കുകയും, യാത്രയ്ക്കിടെ സ്വന്തം വിലപിടിപ്പുള്ള വസ്തുക്കളിൽ പ്രത്യേകം ശ്രദ്ധ പുലർത്തുകയും ചെയ്യണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി..
Post a Comment
Thanks