വളാഞ്ചേരി : മലപ്പുറം, തൃശൂർ, കോഴിക്കോട് ജില്ലകളിലായി ബൈക്കുകളും വാഹനങ്ങളുടെ ബാറ്ററികളും മോഷ്‌ടിച്ച് വിൽപ്പന നടത്തിയ യുവാക്കൾ പിടിയിൽ. പെരിന്തൽമണ്ണ അരിപ്രയിൽ വാടകയ്ക്ക് താമസിക്കുന്ന ചോലക്കൽ വിഷ്ണു (20), കുറ്റിപ്പുറം കുന്നത്ത് വളപ്പിൽ നിതിൻദാസ് (21), തവനൂർ കാക്കശ്ശേരികുന്ന് കുറുപ്പംവീട്ടിൽ റിജിൻ ദാസ് (22) എന്നിവരാണ് പിടിയിലായത്.
വളാഞ്ചേരി കൊട്ടാരത്തും കുളമംഗലത്തുമായി തുടർച്ചയായി മോഷണം നടന്നതോടെയാണ് തിരൂർ ഡിവൈഎസ്‌പി എ എം സിദ്ദിഖിന്റെ നിർദേശപ്രകാരം പൊലീസ് അന്വേഷണം നടത്തിയത്. അമ്പതോളം സിസിടിവി കൾ പരിശോധിച്ചും മുമ്പ് ഇത്തരം കേസുകളിൽ ഉൾപ്പെട്ട നൂറോളം പേരെ നിരീക്ഷിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
വിശദമായി ചോദ്യംചെയ്തതോടെ കഴിഞ്ഞ മാസം കുറ്റിപ്പുറം, തവനൂർ, അയങ്കലം, തൃശൂർ പേരാമംഗലം, കോട്ടയം ജില്ലയിലെ കൂത്താട്ടുകുളം എന്നിവിടങ്ങളിൽനിന്ന് നിരവധി ബൈക്കുകളും ബാറ്ററികളും മോഷ്‌ടിച്ചതായി വിവരം ലഭിച്ചു.
തിരൂർ, പൊന്നാനി, പട്ടാമ്പി എന്നിവിടങ്ങളിലാണ് ഇവ വിൽപ്പന നടത്തിയതെന്ന് പിടിയിലായവർ സമ്മതിച്ചു. മോഷണം പോയ ബൈക്കുകൾ കണ്ടെടുത്തു. റിജിൻദാസ് മുമ്പ് തൃശൂർ ജില്ലയിലും തിരൂരിലും ബൈക്ക് മോഷണ കേസിൽ പ്രതിയായിരുന്നു. മോഷണത്തിലൂടെ ലഭിക്കുന്ന പണം ലഹരി ഉപയോഗത്തിനും ആഡംബര ജീവിതത്തിനുമാണ് ഉപയോഗിച്ചിരുന്നത്. വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ ആനന്ദബാബു. തിരൂർ ഡാൻസഫ് ടീമിലെ രാജേഷ്, ജയപ്രകാശ്, ഉദയകുമാർ, ശ്രീഷ്, വളാഞ്ചേരി സ്റ്റേഷനിലെ നിതിൻ, ഷിജിൻ, തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Post a Comment
Thanks