മലപ്പുറം:കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ നിയമിതരായി വിവിധ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ സേവനം അനുഷ്ഠിക്കുന്ന പ്രൈമറി കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്സുമാർ കടുത്ത അവഗണനയും സാമ്പത്തിക പ്രതിസന്ധിയും നേരിടുകയാണെന്ന് പ്രൈമറി കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്സസ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏഴ് മാസത്തിലേറെയായി വേതനം ലഭിക്കാത്തതിനാൽ നിരവധി നഴ്സുമാർ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്നും, ഇത് പാലിയേറ്റീവ് സേവനങ്ങളെ തന്നെ അവതാളത്തിലാക്കുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണെന്നും അവർ പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങൾക്ക് ലഭിക്കേണ്ട പ്ലാൻ ഫണ്ട് വിതരണം വൈകിയതിനെ തുടർന്ന് 2025 ഡിസംബർ മാസം മുതലുള്ള വേതനമാണ് മുടങ്ങിക്കിടക്കുന്നത്. വേതനം ലഭിക്കാത്തതിനാൽ വായ്പകളും കുടുംബച്ചെലവുകളും മക്കളുടെ വിദ്യാഭ്യാസച്ചെലവുകളും വഹിക്കാൻ കഴിയാതെ പലരും കടുത്ത ദുരിതത്തിലാണ്. വാടകവീടുകളിൽ താമസിക്കുന്നവർ കുടിയൊഴിപ്പിക്കൽ ഭീഷണിയും നേരിടുകയാണ്.
പ്ളാൻ ഫണ്ട് ലഭ്യമല്ലാത്തതിനാൽ പാലിയേറ്റീവ് ഹോം കെയറിന് പോവുന്ന വാഹനത്തിന്റെ ദിവസ വാടക, ഹോം കെയർ ടീമിന്റെ ഭക്ഷണ ചെലവ്, രോഗികൾക്ക് അത്യാവശ്യം വേണ്ടി വരുന്ന മരുന്നുകൾ , രോഗി പരിചരണത്തിന് ആവശ്യമായ സർജിക്കൽ സാധനങ്ങൾ എന്നിവ വാങ്ങുന്നതിനും ഫണ്ടില്ലാത്തത് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. മാത്രമല്ല ഇത് പാലിയേറ്റീവ് പ്രവർത്തനത്തെ തന്നെ സാരമായി ബാധിക്കും. ഈ അവസ്ഥ തുടർന്നാൽ പല തദ്ദേശസ്ഥാപങ്ങളിലും പാലിയേറ്റീവ് പ്രവർത്തനം തന്നെ സ്തംഭനാവസ്ഥയിലാവുമെന്നും ഭാരവാഹികൾ പറഞ്ഞു.
ഈ വിഷയത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെട്ട് മുടങ്ങിയ വേതനം വിതരണം ചെയ്യണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
തദ്ദേശസ്ഥാപനങ്ങളാണ് പ്രൈമറി പാലിയേറ്റീവ് നഴ്സുമാരെ നിയമിക്കുന്നതെങ്കിലും ഇവർ പ്രവർത്തിക്കുന്നത് ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ജില്ലാ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ്. ഇരുപതിനായിരം ജനസംഖ്യയുള്ള ഓരോ തദ്ദേശസ്ഥാപന പരിധിയിലും ഒരു പാലിയേറ്റീവ് നഴ്സും അതിൽ കൂടുതലുള്ള പ്രദേശങ്ങളിൽ രണ്ട് നഴ്സുമാരുമാണ് സേവനമനുഷ്ഠിക്കുന്നത്. സംസ്ഥാനത്ത് ഏകദേശം മൂവായിരത്തോളം പ്രൈമറി കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്സുമാരാണ് നിലവിൽ ജോലി ചെയ്യുന്നത്.
കഴിഞ്ഞ പത്തൊമ്പത് വർഷമായി പ്രൈമറി പാലിയേറ്റീവ് സംവിധാനം നിലവിലുണ്ടെങ്കിലും ഈ വിഭാഗം ജീവനക്കാർക്ക് ലഭിക്കുന്ന വേതനത്തിലും സേവന ആനുകൂല്യങ്ങളിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. മൂവായിരം രൂപ പ്രതിമാസ വേതനത്തിൽ സേവനം ആരംഭിച്ച പലർക്കും ഇന്ന് ലഭിക്കുന്നത് വെറും ഇരുപത്തിയാറായിരം രൂപയോളമാണ് മാത്രമാണ്. പി.എഫ്., ഇൻഷുറൻസ്, പെൻഷൻ തുടങ്ങിയ യാതൊരു സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കുന്നില്ല. ഇപ്പോഴും കരാർ അടിസ്ഥാനത്തിലാണ് നിയമനം തുടരുന്നതിനാൽ തൊഴിൽ സുരക്ഷയും ഉറപ്പില്ല. പത്ത് വർഷത്തിലധികം സേവനം പൂർത്തിയാക്കിയ നഴ്സുമാരെ സ്ഥിരപ്പെടുത്തുകയും സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങൾ നടപ്പാക്കുകയും ചെയ്യണമെന്നത് ദീർഘകാലമായുള്ള ആവശ്യമാണ്.
കിടപ്പുരോഗികളെ വീടുകളിലെത്തി പരിചരിക്കുക, മുറിവുകൾ ഡ്രസ് ചെയ്യുക, രോഗികളെ കുളിപ്പിക്കുക, ഫീഡിംഗ് ട്യൂബും യൂറിൻ കത്തീറ്ററും സ്ഥാപിക്കുകയും മാറ്റുകയും ചെയ്യുക,രോഗികളെ വ്യായാമം ചെയ്യിക്കൽ , ഓക്സിജൻ സംവിധാനങ്ങൾ കൈകാര്യം ചെയ്യുക, രോഗികളുടെ ബന്ധുക്കൾക്കും പാലിയേറ്റീവ് വളണ്ടിയർമാർക്കും പരിശീലനം നൽകുക തുടങ്ങി ഏറ്റവും നിർണായകമായ സേവനങ്ങളാണ് പ്രൈമറി പാലിയേറ്റീവ് നഴ്സുമാർ നിർവഹിക്കുന്നത്. കോവിഡ്, നിപ തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിലും ജീവൻ പണയം വെച്ച് രോഗികളെ ശുശ്രൂഷിച്ച ഇവർ ഇന്ന് സ്വന്തം ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. ഓരോ മാസവും നൂറുകണക്കിന് രോഗികളെ വീടുകളിലെത്തി ഹോം കെയർ സേവനത്തിലൂടെ പരിചരിക്കുന്നവരാണ് ഇവർ.
മുടങ്ങിയ വേതനം ഉടൻ വിതരണം ചെയ്യുകയും പ്രൈമറി കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്സുമാരുടെ സേവന-വേതന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുകയും ചെയ്യണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സെക്രട്ടറിയേറ്റിന് മുന്നിൽ പട്ടിണി സമരം ഉൾപ്പെടെയുള്ള ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകേണ്ടിവരുമെന്നും ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.
വാർത്താസമ്മേളനത്തിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഷ്റഫ് കളത്തിങ്ങൽപാറ, ജനറൽ സെക്രട്ടറി പി. ടി. സുനിത, ഭാരവാഹികളായ വനജ കണ്ണമംഗലം, അമ്പിളി ബാബു രാജ്, സുമ. വി എന്നിവർ പങ്കെടുത്തു.

إرسال تعليق
Thanks