കോഴിക്കോട്: പാളയത്തു നിന്ന് ബംഗളൂരുവിലേക്ക് നൈറ്റ് സർവീസ് ബസിൽ റിസർവേഷനെടുത്ത് പോകാൻ പിതാവിനൊപ്പം എത്തിയ പെൺകുട്ടിക്കും സഹോദരിക്കും പിതാവിനും നേരെ ബസ് ജീവനക്കാരുടെ മർദനം. ആക്രമത്തിൽ പരുക്കേറ്റ പിതാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9.50 ന് പാളയം ചിന്താവളപ്പ് സ്വകാര്യ നൈറ്റ് സർവീസ് ബസ് സ്റ്റാൻഡിലാണ് സംഭവം. മകളെ യാത്രയയക്കാൻ എത്തിയ കൂട്ടത്തായി സ്വദേശി സത്യപാലൻ (67) നെ മർദിച്ച ബസ് ജീവനക്കാരെ നാട്ടുകാർ പൊതിരെ തല്ലി പൊലീസിനു കൈമാറി.
ബാഗും അനുബന്ധ സാധനങ്ങളും കയറ്റുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ 'ഇന്റർസിറ്റി' ബസ് ബുക്കിങ് കേന്ദ്രത്തിലെ ജീവനക്കാരാണ് ആക്രമിച്ചത്. പിതാവിനെ മക്കളുടെ മുന്നിൽ വച്ച് അടിച്ചു റോഡിലിട്ടു. പെൺകുട്ടികളോട് അസഭ്യം പറഞ്ഞു. ഇതു കണ്ട് സമീപത്തെ മറ്റു ബസ് ബുക്കിങ് സെന്ററുകളിലെ ജീവനക്കാരും ബസ് ഡ്രൈവർമാരും എത്തി.
പരുക്കേറ്റ് ചോര വാർന്ന സത്യപാലനെ എഴുന്നേൽപ്പിച്ചെങ്കിലും വീണ്ടും ജീവനക്കാർ മർദിച്ചു. ഇതേ തുടർന്നാണ് സ്ഥലത്തു എത്തിയ നാട്ടുകാർ ജീവനക്കാരെ പൊതിരെ തല്ലിയത്. തുടർന്ന് കസബ പൊലീസ് എത്തി ഇരുവരേയും കസ്റ്റഡിയിലെടുത്തു. നിലവിൽ നേരത്തെയും ഈ ബസ് സർവീസ് ബുക്ക് ചെയ്ത യാത്രക്കാരെ മർദിച്ച സംഭവം ഉണ്ടായതായി സമീപത്തെ മറ്റു ബസ് ഓപ്പറേറ്റേഴ്സിലെ ജീവനക്കാർ പൊലീസിനോട് പറഞ്ഞു. ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചതോടെ സ്ഥലത്തെ സംഘർഷം ഒഴിവായി.
إرسال تعليق
Thanks