കൊച്ചി: കേരള സംസ്ഥാന വഖഫ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആയിരുന്ന ഹാരിസ് മുഹമ്മദിനെ തിടുക്കത്തില്‍ സ്ഥലം മാറ്റുകയും സീനിയര്‍ അക്കൗണ്ട്സ് ഓഫീസറേയും സീനിയര്‍ ഡിവിഷണല്‍ ഓഫീസറേയും മറികടന്ന് പുതിയൊരാള്‍ക്ക് ചുമതല കൊടുക്കുകയും ചെയ്തത് മുനമ്പം വഖഫ് ഭൂമിയിലെ സര്‍ക്കാരിന്റെ രാഷ്ട്രീയ താല്പര്യങ്ങള്‍ സ്ഥാപിച്ചെടുക്കാനുള്ള നീക്കമാണെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം.അലിയാര്‍ പറഞ്ഞു.
മുനമ്പത്തെ 404.76 ഏക്കര്‍ വഖഫ് ഭൂമി കേന്ദ്രസര്‍ക്കാരിന്റെ ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതിനെ ചോദ്യം ചെയ്ത് ബി.ജെ.പി. കേന്ദ്രസര്‍ക്കാരിന് പരാതി കൊടുത്തിരുന്നു. ആയത് സംബന്ധിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാന്‍ സംസ്ഥാന വഖഫ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിരിക്കെ വിശദീകരണം നല്‍കുന്നതിന് മുമ്പുള്ള സിഇഒയുടെ സ്ഥലം മാറ്റം ദുരൂഹവും മുനമ്പത്തെ വഖഫ് ഭൂമി അന്യാധീനപ്പെടുത്താനുള്ള ഭരണകൂട താല്പര്യവുമാണ്.
മുനമ്പം വഖഫ് ഭൂമി രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് എട്ടിന്റെ പണി കിട്ടി എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും വഖഫ് ബോര്‍ഡ് അനാവശ്യ തിടുക്കം കാട്ടി എന്ന മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ പ്രസ്താവനയും കൂട്ടി വായിച്ചാല്‍ വഖഫ് ബോര്‍ഡിലെ ചുമതല മാറ്റത്തിന്റെ കാരണം കണ്ടെത്താനാകും. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം നിശ്ചിത തീയതിക്കുള്ളില്‍ മുനമ്പം വഖഫ് ഭൂമിയുടെ മുതവല്ലിയായ ഫറൂഖ് കോളേജ് യഥാസമയം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യപ്പെടാതിരിക്കുകയും വഖഫ് സ്വത്തുക്കളുടെ സംരക്ഷണ ചുമതലയുള്ള സംസ്ഥാന വഖഫ് ബോര്‍ഡ് യഥാസമയം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു എന്നും കേന്ദ്ര വഖഫ് ബോര്‍ഡിന് വിശദീകരണം കൊടുക്കാന്‍ നിലവിലുള്ളവര്‍ക്ക് അവസരം കൊടുക്കണം.
സര്‍ക്കാരിന്റേയും കോണ്‍ഗ്രസ്, ലീഗ് ,ബി.ജെ.പി. കക്ഷികളുടേയും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി മുനമ്പത്തെ വഖഫ് ഭൂമിയെ കരുവാക്കരുതെന്നും പിഡിപി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവിലുള്ള സിഇഒയെ സ്ഥലം മാറ്റി മറ്റൊരാള്‍ക്ക് ചുമതല കൈമാറുമ്പോള്‍ സീനിയോരിറ്റി മറികടന്നുള്ള നിയമനം ചോദ്യം ചെയ്ത് കോടതിയെ സമീപിക്കും.
കേരള , എം.ജി, മലയാളം സര്‍വകാലാശാല വൈസ്ചാന്‍സലര്‍മാര്‍ മോഹന്‍ഭഗവത് പങ്കെടുത്ത ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത് പദവിക്ക് നിരക്കാത്തതും വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരണത്തിന് ആക്കം കൂട്ടുന്നതുമാണ്. സംഘ്പരിവാറിന്റെ നൂറ് വര്‍ഷങ്ങള്‍ എന്നതായിരുന്നു പ്രഭാഷണ വിഷയം. മഹാത്മഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍ പദവിയിലേക്കും, സെനറ്റിലേക്കും സംഘ്പരിവാര്‍ നോമിനികളെ തെരഞ്ഞ്പിടിച്ച് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്തിട്ടും ഉന്നതവിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും ഭരണമുന്നണിയും സ്വീകരിച്ച കുറ്റകരമായ മൗനം കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങള്‍ക്കുള്ള വിഡി സതീശന്‍ സര്‍ക്കാരിന്റെ പച്ചക്കൊടി ആയിരുന്നു. ഇപ്പോള്‍ അധ്യാപക നിയമനത്തിലും സംഘ്പരിവാറുകാരെ തിരുകി കയറ്റാനുള്ള ശ്രമമാണ് നടക്കുന്നത്.
കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ കാവി വല്‍ക്കരിക്കാനുള്ള നീക്കമായ പിഎംശ്രീ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം. എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതിയില്‍ ഒപ്പുവച്ചതാണെന്ന ന്യായം ചമച്ച് സംഘ്പരിവാര്‍ പദ്ധതിയെ ഒളിച്ച് കടത്താന്‍ ശ്രമിക്കരുത്. കഴിഞ്ഞ സര്‍ക്കാര്‍ പിഎംശ്രീ പദ്ധതിയില്‍ അവരുടെ തെറ്റ് തിരുത്തിയിരുന്നു. എന്നാല്‍ പുതിയ സര്‍ക്കാര്‍ ആ തെറ്റ് തുടരുന്ന സാഹചര്യം ഉണ്ടാകരുതെന്ന് നേതാക്കള്‍ പറഞ്ഞു.പ്രസ്ക്ളബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം.അലിയാര്‍, മുഹമ്മദ് റജീബ്, കേന്ദ്രകമ്മിറ്റി അംഗം ടി.എ.മുജീബ് റഹ്മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Post a Comment
Thanks