സാങ്കേതിക വിദ്യയില്‍ തിരൂരങ്ങാടിയുടെ കുതിപ്പ്: എം.എല്‍.എ ആപ്പ് നാടിന് സമര്‍പ്പിച്ച് പി.എം.എ സമീര്‍



തിരൂരങ്ങാടി: ജനപ്രതിനിധിയുമായുള്ള ആശയവിനിമയം കൂടുതല്‍ എളുപ്പവും വേഗത്തിലുമാക്കി ഡിജിറ്റല്‍ യുഗത്തിന് അനുയോജ്യമായ പുതിയ സംരംഭവുമായി തിരൂരങ്ങാടി നിയോജക മണ്ഡലം എം.എല്‍.എ പി.എം.എ സമീര്‍. ജനങ്ങളുടെ പരാതികളും ആവശ്യങ്ങളും നിര്‍ദേശങ്ങളും നേരിട്ട് എം.എല്‍.എയിലേക്ക് എത്തിക്കുന്നതിനും വിവിധ സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്ത എം.എല്‍.എ ആപ്പ് ഔദ്യോഗികമായി പുറത്തിറക്കി.

  തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ നിന്നും വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കാനായി സംഘടിപ്പിച്ച ചടങ്ങിൽ മുൻ എം.എൽ.എ. കെ.പി.എ.മജീദ്, ഫാത്തിമ തഹ്ലിയ എം.എൽ.എ തുടങ്ങിയ നേതാക്കളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ ആപ്പ് ലോഞ്ച് ചെയ്തത്. ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കായ 1200/1200 നേടിയ വിദ്യാര്‍ത്ഥി എ. ഹരികൃഷ്ണന്‍  ആണ് ആപ്പ് ലോഞ്ചിംഗ്  കർമ്മം  നിര്‍വഹിച്ചത്. സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ജനസേവനത്തിനായി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി അവതരിപ്പിച്ച ആപ്പ് ജനങ്ങളെയും ജനപ്രതിനിധിയെയും തമ്മില്‍ കൂടുതല്‍ അടുപ്പിക്കുന്ന നവീന സംവിധാനമായാണ് വിലയിരുത്തപ്പെടുന്നത്.

മണ്ഡലത്തിലെ ജനങ്ങള്‍ക്ക് 24 മണിക്കൂറും എം.എല്‍.എയുമായി ബന്ധപ്പെടാനും പരാതികള്‍, അപേക്ഷകള്‍, വികസന നിര്‍ദേശങ്ങള്‍ എന്നിവ സമര്‍പ്പിക്കാനും ആപ്പിലൂടെ സാധിക്കും. സമര്‍പ്പിക്കുന്ന പരാതികളുടെ പുരോഗതി നിരീക്ഷിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ മാര്‍ഗനിര്‍ദേശങ്ങള്‍, യുവ സംരംഭകര്‍ക്ക് സ്റ്റാര്‍ട്ടപ്പ് പിന്തുണ, തൊഴില്‍ അവസര വിവരങ്ങള്‍, രക്തദാന ശൃംഖല, വിവിധ പൊതുസേവന വിവരങ്ങള്‍ തുടങ്ങിയ നിരവധി സേവനങ്ങളും ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന  എ.ഐ സംവിധാനമാണ്. സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍, വിവിധ ആനുകൂല്യങ്ങള്‍, വികസന പദ്ധതികള്‍, പൊതുസേവനങ്ങള്‍, മണ്ഡലവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് തല്‍ക്ഷണം മറുപടി ലഭിക്കുന്ന തരത്തിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഏത് സമയത്തും ജനങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങളും സഹായവും ലഭ്യമാക്കുന്ന ഈ സൗകര്യം തിരൂരങ്ങാടിയിലെ ഡിജിറ്റല്‍ പൊതുസേവന രംഗത്ത് പുതിയ അധ്യായത്തിന് തുടക്കമിടുന്നതാണ്.

ജനങ്ങളുടെ ആവശ്യങ്ങള്‍ കൂടുതല്‍ വേഗത്തില്‍ പരിഗണിക്കുന്നതിനും പൊതുസേവനങ്ങള്‍ കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനും ഈ ആപ്പ് വലിയ സഹായമാകും. ഇനി മുതല്‍ തിരൂരങ്ങാടി എം.എല്‍.എ ഓരോര്‍ത്തരുടെയും വിരല്‍തുമ്പില്‍ ലഭ്യമാകും. ഒരു ജനപ്രതിനിധിയും നടപ്പിലാക്കാത്ത എ.ഐ സംവിധാനത്തോട് കൂടിയ ആപ്പാണ് പി.എം.എ സമീര്‍ എം.എല്‍.എ ജനങ്ങള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post