ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോ തൂക്കം വരുന്ന വാണിജ്യ എൽപിജി സിലിണ്ടറുകൾക്കാണ് ഇന്ന് മുതൽ വില വർധനവ് പ്രാബല്യത്തിൽ വന്നിരിക്കുന്നത്. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാറ്ററിങ് സർവീസുകൾ തുടങ്ങി വാണിജ്യ ആവശ്യങ്ങൾക്ക് ഗ്യാസ് ഉപയോഗിക്കുന്ന എല്ലാ മേഖലകളെയും ഈ വിലക്കയറ്റം പ്രതികൂലമായി ബാധിക്കും.
പുതിയ നിരക്കുകൾ പ്രകാരം പ്രധാന നഗരങ്ങളിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഡൽഹിയിൽ 19 കിലോ സിലിണ്ടറിന് 42 രൂപയാണ് വർധിപ്പിച്ചത്. കൊൽക്കത്തയിൽ 53.50 രൂപയുടെ വർധനവ് രേഖപ്പെടുത്തി. ഇതോടെ ഇവിടെ ഒരു വാണിജ്യ സിലിണ്ടറിന്റെ പുതുക്കിയ വില 3,255.50 രൂപയായി മാറി. രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലും ഇതിന് ആനുപാതികമായ മാറ്റങ്ങൾ വന്നിട്ടുണ്ട്.തിരുവനന്തപുരത്ത് ഒരു സിലിണ്ടറിന് 3152 രൂപയാണ് വില.വാണിജ്യ സിലിണ്ടറുകൾക്ക് വില കൂട്ടിയെങ്കിലും, സാധാരണക്കാർക്ക് ആശ്വാസമായി ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല. 14.2 കിലോ വരുന്ന ഗാർഹിക സിലിണ്ടറുകൾ പഴയ വിലയിൽ തന്നെ തുടർന്നും ലഭ്യമാകും.
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയും ഡോളറുമായുള്ള വിനിമയ നിരക്കും അടിസ്ഥാനമാക്കി എല്ലാ മാസവും ഒന്നാം തീയതിയാണ് പാചകവാതക വില പുതുക്കി നിശ്ചയിക്കുന്നത്.തുടർച്ചയായുള്ള ഈ വാണിജ്യ സിലിണ്ടർ വില വർധനവ് ഹോട്ടൽ വ്യവസായത്തിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പാചകവാതക വില ഗണ്യമായി ഉയരുന്നത് ഉത്പാദനച്ചെലവ് വർധിപ്പിക്കുന്നതിനാൽ, വരും ദിവസങ്ങളിൽ ഹോട്ടലുകളിലെ ഭക്ഷണ സാധനങ്ങളുടെ വില ഉയർത്താൻ ഉടമകൾ നിർബന്ധിതരായേക്കാം. വലിയ റെസ്റ്റോറന്റുകളെക്കാൾ ഉപരിയായി ചെറുകിട കച്ചവടക്കാരെയും വഴിയോര ഭക്ഷണശാലകളെയും ഈ വിലക്കയറ്റം സാരമായി തന്നെ ബാധിക്കും
Post a Comment
Thanks