എസ്‌.ഐ.ആറിന് ഒരു വർഷം; വോട്ടർ പട്ടികയിൽ നിന്ന് നീക്കിയത് ആറുകോടിയോളം പേരെ


ന്യൂഡൽഹി: രാജ്യത്തെ വോട്ടർ പട്ടിക ശുദ്ധീകരണത്തിനെന്ന് അവകാശപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷൻ നടപ്പാക്കിയ പ്രത്യേക തീവ്ര പുനഃപരിശോധന (എസ്‌.ഐ.ആർ) നടപടിക്ക് ഒരു വർഷം. ഇതുവരെ രാജ്യത്താകെ ആറുകോടിയോളം വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ ക്കണ്ടാണ് കഴിഞ്ഞ വർഷം ജൂൺ 24ന് ബിഹാറിൽ പരീക്ഷണാടിസ്ഥാനത്തിൽ എസ്‌.ഐ.ആർ നടപടി ആരംഭിച്ചത്. തുടർന്ന് സംസ്ഥാനത്ത് വോട്ടർ പട്ടികയിൽനിന്ന് ഏകദേശം 65 ലക്ഷം വോട്ടർമാരെ നീക്കം ചെയ്തു.


ആവശ്യമായ രേഖകളില്ലെന്ന പേരിൽ പൗരന്മാരെ വോട്ടവകാശത്തിൽനിന്ന് ഒഴിവാക്കുകയാണെന്നും, തെരഞ്ഞെടുപ്പ് കമീഷൻ ബി.ജെ.പിയുടെ നിർദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നും പ്രതിപക്ഷ പാർട്ടികളും സാമൂഹിക പ്രവർത്തകരും ആരോപിച്ചിരുന്നു. എന്നാൽ, ഈ വർഷം മാർച്ചിൽ സുപ്രീം കോടതി എസ്‌.ഐ.ആർ നടപടിയുടെ ഭരണഘടനാ സാധുത ശരിവെച്ചു. ബിഹാറിനുശേഷം ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, തമിഴ്നാട്, രാജസ്ഥാൻ, ഛത്തിസ്ഗഢ്, കേരളം, പുതുച്ചേരി, ആന്തമാൻ-നികോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ എന്നിവിടങ്ങളിൽ രണ്ടാംഘട്ട എസ്‌.ഐ.ആർ നടപ്പാക്കി.


ഈ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മൊത്തം 50.99 കോടി വോട്ടർമാരിൽ 10.2 ശതമാനം പേരുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതായാണ് കണക്കുകൾ. ഇതോടെ വോട്ടർമാരുടെ എണ്ണം 45.81 കോടിയായി കുറഞ്ഞു. നീക്കം ചെയ്യപ്പെട്ടവരിൽ 66.88 ലക്ഷം പേർ മരിച്ചവരാണെന്ന് കണ്ടെത്തി. ഇതിൽ ഏറ്റവും കൂടുതൽ പേർ ഉത്തർപ്രദേശിലും പശ്ചിമ ബംഗാളിലുമാണ്. കൂടാതെ, എതിർപ്പുകൾ പരിഗണിച്ചും സൂക്ഷ്മ പരിശോധന നടത്തിയും 63.16 ലക്ഷം വോട്ടർമാരെയും ഒഴിവാക്കി.


നിലവിൽ ആന്ധ്രപ്രദേശ്, കർണാടക, മഹാരാഷ്ട്ര, തെലങ്കാന, ഡൽഹി ഉൾപ്പെടെയുള്ള 16 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി മൂന്നാംഘട്ട എസ്‌.ഐ.ആർ പുരോഗമിക്കുകയാണ്. ഈ വർഷാവസാനത്തോടെ നടപടികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടെ, വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യപ്പെട്ടവരെ പശ്ചിമ ബംഗാളിലും ബിഹാറിലും സംസ്ഥാന ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങളിൽ നിന്ന് ഒഴിവാക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് പിന്നാലെ, വോട്ടർ പട്ടിക ശുദ്ധീകരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ സാമൂഹിക സുരക്ഷാ പദ്ധതികളുമായി ബന്ധിപ്പിക്കുമെന്ന് ഇരു സംസ്ഥാന സർക്കാറുകളും പ്രഖ്യാപിച്ചിരുന്നു. അതിനിടെ, യോഗ്യരായ ഒരു പൗരനും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാകാതിരിക്കാനും അയോഗ്യരായ ആരും പട്ടികയിൽ ഉൾപ്പെടാതിരിക്കാനും ലക്ഷ്യമിട്ടുള്ള നടപടിയായി എസ്‌.ഐ.ആറിനെ വിശേഷിപ്പിച്ച്, എൻ.സി.ഇ.ആർ.ടിയുടെ സാമൂഹികശാസ്ത്ര പാഠപുസ്തകത്തിലും ഈ വിഷയം ഉൾപ്പെടുത്തിയിട്ടുണ്ട്.

Post a Comment

Thanks

Previous Post Next Post