പൈങ്ങോട്ടൂരിൽ നിന്ന് എംഡിഎംഎ പിടിച്ച കേസ്: മുഖ്യപ്രതി മുഹമ്മദ് ജാസിറിനെ ബാംഗ്ലൂരിൽ അറസ്റ്റ് ചെയ്തു


ബാംഗ്ലൂർ: നാല് മാസം മുൻപ് ചേലേമ്പ്ര പൈങ്ങോട്ടൂരിലെ വീട്ടിൽ നിന്ന് എം ഡി എം എ പിടികൂടിയ കേസിലെ പ്രധാന പ്രതിയെ ഇന്ന് ബാംഗ്ലൂരിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ കഴിയുകയായിരുന്ന ചേലേമ്പ്ര സ്വദേശി മുഹമ്മദ് ജാസിറിനെയാണ് പൊലീസ് പിടികൂടിയത്.


ബംഗളൂരുവിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് തേഞ്ഞിപ്പലം എസ് ഐ സത്യജിത്തും, മലപ്പുറം എസ്പിയുടെ ഡാൻസാഫ് സംഘങ്ങളും ചേർന്ന് പൊക്കിയത്. ഫെബ്രുവരി 10നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 


ചേലേമ്പ്ര സ്വദേശി അസീസിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 1031.13 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തിരുന്നു. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന ലഹരി വസ്തുവാണിത്. അന്നത്തെ പരിശോധനയിൽ ജാസിറിന്റെ മാതാപിതാക്കളായ അസീസ്, ഖമറുന്നീസ, സുഹൃത്ത് സലാഹുദ്ധീൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഒളിവിൽ പോയ ജാസിറിനെക്കുറിച്ചുള്ള അന്വേഷണം തുടരുന്നതിനിടെയാണ് ബംഗളൂരുവിൽ നിന്ന് ഇയാൾ പിടിയിലാവുന്നത്.

         

പരിശോധനയിൽ 21 ലക്ഷം രൂപ, അഞ്ച് ഇലക്ട്രോണിക് ത്രാസുകൾ, വോക്കി ടോക്കികൾ, ഗ്യാസ് ബർണർ എന്നിവയും പൊലീസ് പിടിച്ചെടുത്തിരുന്നു. ഇവിടം കേന്ദ്രീകരിച്ച് ജാസിറും കുടുംബവും രാസ ലഹരിവസ്തു വിൽപ്പന നടത്തിയിരുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്ന് റെയ്ഡ് നടത്തിയത്.

Post a Comment

Thanks

Previous Post Next Post