അരയിടത്ത് പാലം അപകടം: യുവാവ് ഉയർന്നുപൊങ്ങി റോഡിൽ വീഴുന്ന ദൃശ്യം പുറത്ത്, ആശങ്ക വർദ്ധിപ്പിച്ച് ജില്ലയിലെ തുടർച്ചയായി നടക്കുന്ന വാഹനാപകടങ്ങൾ


കോഴിക്കോട് | അരയിടത്തുപാലം ഓവർ ബ്രിഡ്‌ജിലുണ്ടായ വാഹനാപകടത്തിന്റെ ഞെട്ടൽ മാറാതെ കോഴിക്കോട് നഗരം. രണ്ട് ബൈക്കുകളും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്തൊമ്പതുകാരനായ തിരുവമ്പാടി പാമ്പിഴഞ്ഞപാറ കുന്നുമ്മൽ സ്വദേശി അൽസാബിത്താണ് മരിച്ചത്. 10 മീറ്ററോളം ഉയരമുള്ള പാലത്തിൽ നിന്ന് താഴെ റോഡിൽ വീഴുന്ന അപകടത്തിന്റെ നടുക്കുന്ന ദൃശ്യവും പുറത്തുവന്നു. ഇടിയേറ്റ അൽസാബിത്ത് ഉയർന്നു പൊങ്ങി റോഡിന്റെ മറുഭാഗത്തുള്ള കെെവരിയിൽ തട്ടി താഴേക്ക് പതിക്കുകയായിരുന്നു. തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ രാവിലെ 10.5 ഓടെ മരിച്ചു. ചികിത്സയിലുള്ളവരുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിൽ അപകടസമയത്ത് കൂടുതൽ വാഹനങ്ങൾ ഇല്ലാതിരുന്നത് ആശ്വാസമായി. കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ കടകളിൽ നിന്നുള്ള സി.സി.ടി.വികളും മറ്റും പരിശോധിച്ചു വരുന്നു.


ജില്ലയിൽ തുടർച്ചയായി നടക്കുന്ന വാഹനാപകടങ്ങൾ ആശങ്ക വർദ്ധിപ്പിക്കുകയാണ്. രാമനാട്ടുകര-അരീക്കാട് ദേശീയപാതയിൽ കാർ, പാർക്ക് ചെയ്തിരുന്ന ലോറിയിലിടിച്ച് നാല് യുവാക്കൾ മരിച്ച അപകടത്തിന്റെ ഞെട്ടൽ ഇതുവരെയും മാറിയിട്ടില്ല. അതിനു മുമ്പേ മുടക്കല്ലൂരിലെ കുറുവങ്ങാട്ട് എം.ബി.ബി.എസ് വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടർ വൈദ്യുതത്തൂണിലിടിച്ച് മൂന്നു പേർ മരിച്ചു. പേരാമ്പ്ര വെള്ളിയൂരിലും എലത്തൂർ ചെട്ടിക്കുളത്തുമായി നടന്ന രണ്ട് സ്വകാര്യ ബസപകടങ്ങളിൽ 25ലധികം പേർക്ക് പരിക്കേറ്റു. കുന്ദമംഗലത്ത് നിയന്ത്രണംവിട്ടു മറിഞ്ഞ ആംബുലൻസിലുണ്ടായ അപകടത്തിൽ ചികിത്സയ്ക്കായി കൊണ്ടുപോവുകയായിരുന്ന വയോധിക മരിച്ചതും ജില്ലയെ നടുക്കി. ആവർത്തിക്കുന്ന അപകടങ്ങൾ റോഡ് സുരക്ഷയും വേഗനിയന്ത്രണവും കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്.


നഗരത്തിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടവർ


2025 ലെ കണക്ക്


വാഹനാപകടങ്ങൾ...................2,350


പരിക്കേറ്റവർ..................2,569


മരണപ്പെട്ടവർ.....................1,153

Post a Comment

Thanks

Previous Post Next Post