തിരൂരങ്ങാടി: വിപുലമായ അധികാരപരിധിയുള്ള തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തത് മൂലം സ്റ്റേഷന്റെ പ്രവർത്തനം പൂർണ്ണമായും താളംതെറ്റുന്നു. ഒരു പ്രിൻസിപ്പൽ എസ്.ഐ.യും അഞ്ച് ഗ്രേഡ് എസ്.ഐ.മാരും ഇല്ലാത്തതാണ് നിലവിൽ സ്റ്റേഷനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
ഇവിടെയുണ്ടായിരുന്ന പ്രിൻസിപ്പൽ എസ്.ഐ. താനൂരിലേക്ക് സ്ഥലംമാറിപ്പോവുകയും, അഞ്ച് ഗ്രേഡ് എസ്.ഐ.മാർ സർവീസിൽ നിന്നും വിരമിക്കുകയും ചെയ്തതോടെയാണ് സ്റ്റേഷൻ നാഥനില്ലാ കളരിയായി മാറിയത്. നിലവിൽ ഒരു എസ്.എച്ച്.ഒ.യും (ഇൻസ്പെക്ടർ) ഒരു എസ്.ഐ.യും മാത്രമാണ് ഇത്രയും വലിയൊരു പരിധിയിലുള്ള സ്റ്റേഷനിലെ ക്രമസമാധാനപാലനത്തിനായി ഉള്ളത്.
തിരൂരങ്ങാടി മുനിസിപ്പാലിറ്റി, മൂന്നിയൂർ പഞ്ചായത്ത്, എ.ആർ. നഗർ പഞ്ചായത്ത്, നന്നമ്പ്ര പഞ്ചായത്തിന്റെ പകുതി ഭാഗം എന്നിവ ഉൾപ്പെടുന്നതാണ് തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ പരിധി. സറ്റേഷൻ പരിധിയിലൂടെയാണ് നാഷണൽ ഹൈവേ കടന്നുപോകുന്നത് എന്നതിനാൽ ഈ മേഖലയിൽ വാഹനാപകടങ്ങൾ നിത്യസംഭവമാണ്.
കൂടാതെ, തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രി ഈ സ്റ്റേഷൻ പരിധിയിലാണ് സ്ഥിതി ചെയ്യുന്നത്. അപകടമരണങ്ങൾ, സംശയാസ്പദമായ മറ്റ് മരണങ്ങൾ എന്നിവ ഉണ്ടാകുമ്പോൾ ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾക്ക് എസ്.ഐ. റാങ്കിലുള്ള ഉദ്യോഗസ്ഥർ തന്നെ നേരിട്ടെത്തേണ്ടതുണ്ട്. എന്നാൽ സ്റ്റേഷനിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തത് ഇത്തരം അടിയന്തിര നിയമനടപടികൾ വൈകുവാൻ ഇടയാക്കുന്നുണ്ട്. ഇത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുക്കുകയും ഉള്ള ഉദ്യോഗസ്ഥർക്ക് മാനസിക സംഘർഷമുണ്ടാക്കുകയും ചെയ്യുന്നു.
തിരൂരങ്ങാടി പോലീസ് സ്റ്റേഷന്റെ പ്രവർത്തനം സുഗമമായി പോവുന്നതിന് ആവശ്യമായ ഉദ്യോഗസ്ഥരെ അടിയന്തിരമായി നിയമിക്കണമെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് ഫോറം (എൻ.എഫ്.പി.ആർ ) തിരൂരങ്ങാടി താലൂക്ക് ജനറൽ സെക്രട്ടറി അഷ്റഫ് കളത്തിങ്ങൽ പാറ തിരുവനന്തപുത്ത് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് നിവേദനം നൽകി ആവശ്യപ്പെട്ടു.
Post a Comment
Thanks