ടോൾ നൽകാതെ കാർ മുന്നോട്ടെടുത്തു, തടയാനെത്തിയ ജീവനക്കാരനെ അപായപ്പെടുത്താൻ ശ്രമം; കയ്യാങ്കളി

 


കോഴിക്കോട് |  ഒളവണ്ണ ടോൾ പ്ലാസയിൽ സംഘർഷം. ടോൾ നൽകാതെ പോകാൻ തുനിഞ്ഞ കാർ തടഞ്ഞ ജീവനക്കാരന് നേരെ കാർ ഓടിക്കുകയായിരുന്നു. മീറ്ററുകളോളം ഇയാളെ ബോണറ്റിൽ കയറ്റി വാഹനം ഓടിച്ചുപോയി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.


വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട ഒരു വെള്ള കാർ ടോൾ പ്ലാസയിൽ ഒരു കറുത്ത കാറിന്റെ തൊട്ടുപിന്നിൽ നിൽക്കുകയായിരുന്നു. ഫാസ്ടാഗിലൂടെ ടോൾ നൽകി മുന്നിലെ കാർ പോകുന്നതിനു തൊട്ടുപിന്നാലെ ടോൾ ബൂത്തിലെ ബാർ ഉയർന്നു നിൽക്കുമ്പോൾ വെള്ള കാർ ടോൾ നൽകാതെ ഓടിച്ചു പോകാൻ ശ്രമിച്ചു. ഇതു തടഞ്ഞ ജീവനക്കാരന് നേരെയാണ് കാർ ഓടിച്ചത്.


വാഹനം തടഞ്ഞ ജീവനക്കാരൻ ഭാഗ്യം കൊണ്ടു മാത്രമാണ് കാറിന് അടിയിൽ പോകാതെ രക്ഷപ്പെട്ടത്. ടോൾ പ്ലാസയിൽ നിന്ന് അ‍ൻപതു മീറ്ററോളം ഓടിച്ച ശേഷമാണ് കാർ നിർത്തിയത്. പ്ലാസയിലെ മറ്റ് ജീവനക്കാർ കൂടി ഓടിയെത്തി കാർ തടഞ്ഞതോടെ കാർ യാത്രക്കാരും ജീവനക്കാരും തമ്മിൽ കയ്യാങ്കളിയായി. റോഡിനു സമീപം വീണ ജീവനക്കാരനെ കാറിലുണ്ടായിരുന്നവർ കയ്യേറ്റം ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം.


ടോൾ പ്ലാസയിൽ പിന്നാലെ വന്ന ഇരുചക്ര വാഹനങ്ങളിലെ ചിലരും കാർ ഓടിച്ചവർക്ക് പിന്തുണയുമായി ടോൾ പ്ലാസ ജീവനക്കാർക്ക് എതിരെ തിരിഞ്ഞു. ടോൾ പ്ലാസ ജീവനക്കാരും ഇവരും തമ്മിൽ കുറച്ചു നേരം സംഘർഷം ഉണ്ടാകുന്നതും ദൃശ്യങ്ങളിലുണ്ട്. കാർ തടയുന്നതിനിടെ പരുക്കേറ്റ ജീവനക്കാരൻ ഒളവണ്ണ ഇരിങ്ങല്ലൂർ സ്വദേശി ജിതേഷിനെ(32) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


സംഭവത്തിൽ ടോൾപ്ലാസ അധികൃതർ പന്തീരാങ്കാവ് പൊലീസിന് ദൃശ്യങ്ങൾ അടക്കം പരാതി നൽകി. കാറിടിച്ച് കൊല്ലാൻ ശ്രമിച്ചുവെന്ന് കാട്ടി വധശ്രമത്തിനാണ് പരാതി. ട്രോൾ പ്ലാസ അധികൃതരുടെ പരാതിക്കു മുൻപ് തന്നെ കാർ ഡ്രൈവറും പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകി. കാറിന്റെ വൈപ്പർ പൊട്ടിച്ചെന്നും കാറിലുണ്ടായിരുന്ന സ്ത്രീകളെ അസഭ്യം പറഞ്ഞു എന്നുമാണ് ഈ പരാതിയിൽ പറയുന്നത്. സംഭവത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടില്ല. ഞായറാഴ്ച ഇരുവിഭാഗത്തിന്റെയും വാദങ്ങൾ കൂടി കേട്ട് ദൃശ്യങ്ങൾ വിലയിരുത്തിയ ശേഷമാകും കേസ് എടുക്കുക എന്നാണ് വിവരം.

Post a Comment

Thanks

Previous Post Next Post