കേരള ബജറ്റ്-2026


▪️തീരദേശ കപ്പൽ ഗതാഗതത്തിന് പുത്തൻ ഉണർവ്; 'മിഷൻ സമുദ്ര'


▪️തൊഴിലുറപ്പിന് 1422 കോടി; ന്യൂനപക്ഷക്ഷേമത്തിന് 77 കോടി രൂപ വകയിരുത്തി.


▪️സൗജന്യ സ്ത്രീയാത്രയ്ക്ക് 600 കോടി: കാർഷിക മേഖലയിലെ പ്രധാന പ്രഖ്യാപനങ്ങൾ.


▪️തലസ്ഥാന നഗരികൾക്ക് മെട്രോ കുതിപ്പ്; തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോ നടപ്പാക്കും.


▪️കേരളം ഏഷ്യയിലെ പ്രധാന വ്യോമയാന ഹബ്ബാകും; നാല് വിമാനത്താവളങ്ങളെ കോർത്തിണക്കി ബൃഹത് പദ്ധതി: 200 കോടി വകയിരുത്തി.


തിരുവനന്തപുരം: കേരളത്തെ ഒരു പ്രമുഖ രാജ്യാന്തര തുറമുഖ നഗരമായി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ 'മിഷൻ സമുദ്ര' പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി. സതീശൻ. യു.ഡി.എഫ് സർക്കാരിന്റെ ആദ്യ പരിഷ്കരിച്ച ബജറ്റ് അവതരണവേളയിലാണ് സംസ്ഥാനത്തിന്റെ തീരദേശ-തുറമുഖ വികസനത്തിന് പുത്തൻ ദിശാബോധം നൽകുന്ന ഈ സ്വപ്ന പദ്ധതി മുഖ്യമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.


​കേരളത്തിന്റെ വികസന സാധ്യതകളിൽ ഏറ്റവും പ്രധാനപ്പെട്ട തീരദേശ മേഖലയെയും തുറമുഖങ്ങളെയും പരമാവധി പ്രയോജനപ്പെടുത്തുകയാണ് മിഷൻ സമുദ്രയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ തീരദേശ കപ്പൽ ഗതാഗതത്തിന്റെ (Coastal Shipping) പുരോഗതിക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമായിരിക്കും മുൻഗണന നൽകുക.


​സംസ്ഥാനത്തെ പ്രമുഖ തുറമുഖങ്ങളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് ചരക്കുനീക്കം സുഗമമാക്കാനും, അതുവഴി റോഡ് ഗതാഗതത്തിലെ തിരക്ക് കുറയ്ക്കാനും പരിസ്ഥിതി സൗഹൃദപരമായ ഗതാഗത സംവിധാനം ഒരുക്കാനും ഇതിലൂടെ സാധിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. വിഴിഞ്ഞം, ബേപ്പൂർ ഉൾപ്പെടെയുള്ള കേരളത്തിലെ പ്രധാന തുറമുഖങ്ങളുടെ മുഖച്ഛായ മാറ്റാൻ ഉതകുന്നതാണ് ഈ പദ്ധതിയെന്നാണ് പ്രാഥമിക വിലയിരുത്തലുകൾ.


​സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും, അടിസ്ഥാന സൗകര്യ വികസനത്തിനും ക്ഷേമ പദ്ധതികൾക്കും തുല്യ പ്രാധാന്യം നൽകിക്കൊണ്ടുള്ള വി.ഡി. സതീശൻ സർക്കാരിന്റെ ഈ കന്നി ബജറ്റിൽ 'മിഷൻ സമുദ്ര'യ്ക്കൊപ്പം ഏവിയേഷൻ ഹബ്ബ് (Aviation Hub), വയനാട്ടിലെ ട്രൈബൽ സർവകലാശാല തുടങ്ങിയ മറ്റ് നിരവധി സ്വപ്ന പദ്ധതികളും ഇടംപിടിച്ചിട്ടുണ്ട്.


*▪️തൊഴിലുറപ്പിന് 1422 കോടി; ന്യൂനപക്ഷക്ഷേമത്തിന് 77 കോടി രൂപ വകയിരുത്തി*


സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ജനക്ഷേമവും ലക്ഷ്യമിട്ട് അവതരിപ്പിച്ച 2026-ലെ സംസ്ഥാന ബജറ്റിൽ വിവിധ മേഖലകൾക്കായി വൻതോതിലുള്ള തുക വകയിരുത്തി. ഗ്രാമീണ മേഖലയുടെ വികസനത്തിനും സുരക്ഷയ്ക്കും കായിക രംഗത്തിനും പ്രാധാന്യം നൽകുന്നതാണ് പുതിയ പ്രഖ്യാപനങ്ങൾ.


​തൊഴിലുറപ്പ് പദ്ധതിക്കും ന്യൂനപക്ഷക്ഷേമത്തിനും വൻ തുക


ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തുപകരുന്ന തൊഴിലുറപ്പ് പദ്ധതിക്കായി 1422 കോടി രൂപയാണ് ബജറ്റിൽ മാറ്റിവെച്ചിരിക്കുന്നത്. ഇതിനൊപ്പം സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി 77 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഏറെ നാളായി പ്രതിസന്ധിയിലായിരുന്ന ഹരിപ്പാട് മെഡിക്കൽ കോളേജിന്റെ വികസന പ്രവർത്തനങ്ങൾക്കും പുതിയ ബജറ്റിൽ പ്രത്യേക ഊന്നൽ നൽകുന്നു.


​കായിക മേഖലയിൽ '2036' ലക്ഷ്യം; ഓപ്പറേഷൻ തൂഫാൻ


കായിക മേഖലയിൽ വലിയൊരു സ്വപ്നവുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്. 2036 ഒളിംപിക്സിൽ ഇന്ത്യൻ പങ്കാളിത്തവും മെഡലുകളും ലക്ഷ്യമിട്ട് കായിക രംഗത്ത് വൻ പദ്ധതികൾ പ്രഖ്യാപിച്ചു. കൂടാതെ, ലഹരിമാഫിയക്കെതിരെയും ഗുണ്ടാ അക്രമങ്ങൾക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനുള്ള 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിക്കായി 10 കോടി രൂപ അനുവദിച്ചു. ആഭ്യന്തര സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പുതിയ രണ്ട് പോലീസ് സ്റ്റേഷനുകൾ കൂടി സ്ഥാപിക്കും.


​ഭിന്നശേഷിക്കാർക്ക് തടസ്സരഹിത യാത്ര, ദേവസ്വം ബോർഡിന് സഹായം


സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് കൈത്താങ്ങായി, ഭിന്നശേഷിക്കാർക്ക് പൊതുസ്ഥലങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളിലും പൂർണ്ണമായും തടസ്സരഹിതമായി യാത്ര ചെയ്യാനുള്ള (Barrier-free travel) പ്രത്യേക സൗകര്യങ്ങൾ ബജറ്റിലൂടെ ഉറപ്പാക്കും. തീർത്ഥാടന കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം മുൻനിർത്തി ദേവസ്വം ബോർഡിന് 5 കോടി രൂപയും ധനസഹായമായി പ്രഖ്യാപിച്ചിട്ടുണ്ട്.


▪️സൗജന്യ സ്ത്രീയാത്രയ്ക്ക് 600 കോടി: കാർഷിക മേഖലയിലെ പ്രധാന പ്രഖ്യാപനങ്ങൾ


സംസ്ഥാനം വലിയ സാമ്പത്തിക വെല്ലുവിളികളും 5 ലക്ഷം കോടിയോളം രൂപയുടെ കടബാധ്യതയും നേരിടുന്ന സാഹചര്യത്തിലാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. എങ്കിലും ജനപ്രിയ വാഗ്ദാനങ്ങളും വികസനവും സമന്വയിപ്പിക്കാൻ ബജറ്റിൽ ശ്രമിച്ചിട്ടുണ്ട്.


​1. ക്ഷേമപദ്ധതികളും ആരോഗ്യവും (ഇന്ദിര ഗ്യാരന്റികൾ)

​ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി: യുഡിഎഫിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന ഈ പദ്ധതിയിലൂടെ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വരെയുള്ള ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കും. പ്രാരംഭ ഘട്ടമായി 10 കോടി രൂപ മാറ്റിവെച്ചു.


​പ്രിയദർശിനി സൗജന്യ ബസ് യാത്ര: സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും കെഎസ്ആർടിസിയിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന പദ്ധതിയുടെ നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് 600 കോടി രൂപ അനുവദിച്ചു.


​'വൺ കേരള കരുതൽ മിഷൻ': അതിദരിദ്രർക്കും മാരകരോഗങ്ങൾ ബാധിച്ചവർക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായി കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത (CSR) ഫണ്ടുകൾ കൂടി ഉപയോഗപ്പെടുത്തി പ്രത്യേക പ്ലാറ്റ്‌ഫോം രൂപീകരിക്കും.


​2. അടിസ്ഥാന സൗകര്യ വികസനവും വ്യവസായവും

​മിഷൻ സമുദ്ര (Mission Samudra): കൊച്ചി, വിഴിഞ്ഞം തുറമുഖങ്ങളെയും വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ച് കേരളത്തെ ഒരു ആഗോള മാരിടൈം - ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റാനുള്ള സമഗ്ര പദ്ധതി.


വ്യവസായ വളർച്ച: 10,000 പുതിയ MSME-കൾ (ചെറുകിട ഇടത്തരം സംരംഭങ്ങൾ) ആരംഭിക്കുന്നതിനായി 100 കോടി രൂപ വകയിരുത്തി. കൂടാതെ ഏകജാലക സംവിധാനത്തിനായി 'ഇൻവെസ്റ്റ് കേരള സെൽ' രൂപീകരിക്കും.


​ഭൂനിയമങ്ങളിൽ മാറ്റം: വ്യവസായ-വികസന ആവശ്യങ്ങൾ സുഗമമാക്കുന്നതിനായി സംസ്ഥാനത്തെ ഭൂനിയമങ്ങൾ പൊളിച്ചെഴുതും.


​3. തൊഴിൽ, യുവജനത, വിദ്യാഭ്യാസം

ഗ്ലോബൽ ജോബ് വാച്ച് ടവർ: ഭാവിയിലെ തൊഴിൽ സാധ്യതകളും ആവശ്യമായ നൈപുണ്യങ്ങളും മുൻകൂട്ടി മനസ്സിലാക്കി പാഠ്യപദ്ധതികൾ പരിഷ്കരിക്കാൻ 2 കോടി രൂപ ചെലവിൽ പുതിയ സംവിധാനം.


സ്റ്റാർട്ടപ്പ് / സ്പേസ് ഇക്കോണമി: സ്റ്റാർട്ടപ്പുകൾക്കും സ്മാർട്ട് ഇൻഡസ്ട്രികൾക്കുമായി 50 കോടി രൂപയും, സ്പേസ് ഇക്കോണമി വികസനത്തിനും സ്‌പേസ്‌പാർക്ക് വിപുലീകരണത്തിനുമായി 5 കോടി രൂപയും അനുവദിച്ചു.


​4. കല, കായികം, സാംസ്കാരികം

 ശ്രദ്ധേയമായ മറ്റ് പ്രഖ്യാപനങ്ങൾ:

എല്ലാ പഞ്ചായത്തുകളിലും കമ്മ്യൂണിറ്റി അടിസ്ഥാനമാക്കിയുള്ള 'ബാറ്ററി എനർജി സ്റ്റോറേജ്' സംവിധാനങ്ങൾ വരും. നഗരവികസനത്തിനായി 'കേരള അർബൻ ഗ്രോത്ത് മിഷൻ' രൂപീകരിച്ച് 100 കോടി രൂപ അനുവദിച്ചു.

ജെ.സി ഡാനിയേൽ ഫിലിം സിറ്റി: കൊച്ചിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫിലിം സിറ്റി സ്ഥാപിക്കും.


എം.ടി സാംസ്കാരിക പാർക്ക്: കോഴിക്കോട്ട് എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ സ്മരണയ്ക്കായി 50 കോടി രൂപ ചെലവിൽ സാംസ്കാരിക പാർക്ക്. തൃശ്ശൂരിൽ അന്തരിച്ച സംഗീത സംവിധായകൻ ജോൺസണിന്റെ ഓർമ്മയ്ക്കായി മ്യൂസിക് അക്കാദമി.


ഫുട്ബോൾ സ്റ്റേഡിയം: മലബാർ മേഖലയിൽ ആധുനിക രീതിയിലുള്ള പുതിയ ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കും.


കാർഷിക മേഖലയിലെ പ്രധാന പ്രഖ്യാപനങ്ങൾ

​കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതിനും ബജറ്റിൽ ഊന്നൽ നൽകിയിട്ടുണ്ട്.


തരിശുഭൂമി കൃഷിക്ക് വൻ സഹായം: സംസ്ഥാനത്തെ തരിശുഭൂമികൾ കണ്ടെത്തി കൃഷിയിറക്കുന്ന കർഷകർക്ക് ഹെക്ടറിന് 40,000 രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.


​നെൽക്കൃഷി വികസനം: നെല്ല് ഉത്പാദനവും സംഭരണവും കാര്യക്ഷമമാക്കുന്നതിനുള്ള 'നെല്ല് വികസന സംയോജന പദ്ധതികൾക്കായി' 150 കോടി രൂപ മാറ്റിവെച്ചു.


നാളികേര വികസനം: തെങ്ങ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണത്തിനുമായി 'കേര പദ്ധതി'ക്ക് 100 കോടി രൂപയും പൊതുവായ നാളികേര വികസനത്തിന് 73 കോടി രൂപയും അനുവദിച്ചു.


കുട്ടനാട് പാക്കേജ്: കുട്ടനാട്ടിലെ കാർഷിക-പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 75 കോടി രൂപ വകയിരുത്തി.


ക്ഷീരവികസനവും മൃഗസംരക്ഷണവും:​മൃഗസംരക്ഷണ മേഖലയ്ക്കായി 318 കോടി രൂപ.

​ക്ഷീരവികസന മേഖലയ്ക്ക് 128 കോടി രൂപ.

​ക്ഷീര കർഷകർക്കായി 4 കോടി രൂപയുടെ പ്രത്യേക ഇൻഷുറൻസ് പദ്ധതി..

പൗൾട്രി ഫാമിംഗ് (കോഴി വളർത്തൽ) പ്രോത്സാഹിപ്പിക്കാൻ 10 കോടി രൂപ.

​നികുതി, വരുമാന സമാഹരണ മേഖലകൾ

​സംസ്ഥാനത്തിന്റെ കടബാധ്യതകൾ കൈകാര്യം ചെയ്യുന്നതിനൊപ്പം തനത് വരുമാനം (Own Tax Revenue) വർദ്ധിപ്പിക്കാനുള്ള നടപടികളാണ് ബജറ്റിലുള്ളത്.


തനത് വരുമാനത്തിലെ വർദ്ധനവ്: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനത്തിൽ 1,27,747 കോടി രൂപയുടെ അധിക വളർച്ച നേടാനായതായി ബജറ്റ് വ്യക്തമാക്കുന്നു. നികുതി, നികുതിയേതര വരുമാനങ്ങളിലുണ്ടായ ഈ വർദ്ധനവാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിൽ പിടിിച്ചുനിർത്തിയത്.


നികുതി ചോർച്ച തടയൽ: ജിഎസ്ടി (GST) പിരിവ് കൂടുതൽ ശക്തമാക്കാനും സ്വർണ്ണ വിൽപനയിൽ നിന്നുള്ള നികുതി കൃത്യമായി ഈടാക്കാനും പ്രത്യേക പരിശോധനകളും ഇന്റലിജൻസ് സംവിധാനങ്ങളും വിപുലീകരിക്കും. കൂടാതെ ഐജിഎസ്ടി (IGST) വിഹിതം കേന്ദ്രത്തിൽ നിന്ന് കൃത്യമായി വാങ്ങിയെടുക്കാനുള്ള നടപടികൾ സ്വീകരിക്കും.


ഭൂമി രജിസ്ട്രേഷൻ / സ്റ്റാമ്പ് ഡ്യൂട്ടി: നികുതിയേതര വരുമാനം കൂട്ടുന്നതിനായി ഭൂമി കൈമാറ്റം, ന്യായവില പുതുക്കൽ എന്നിവയിലൂടെ വരുമാന വർദ്ധനവ് ലക്ഷ്യമിടുന്നു.


ധനക്കമ്മി: 2026-27 സാമ്പത്തിക വർഷത്തെ സംസ്ഥാനത്തിന്റെ ധനക്കമ്മി ജിഡിപിയുടെ (GSDP) 3.4 ശതമാനമായി നിലനിർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.


▪️തലസ്ഥാന നഗരികൾക്ക് മെട്രോ കുതിപ്പ്; തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോ നടപ്പാക്കും


കേരളത്തിന്റെ യാത്രാമേഖലയ്ക്ക് പുതിയ മുഖച്ഛായ നൽകിക്കൊണ്ട് സംസ്ഥാന ബജറ്റിൽ നിർണായക പ്രഖ്യാപനം. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഏറെ നാളായി കാത്തിരിക്കുന്ന ലൈറ്റ് മെട്രോ പദ്ധതികൾ നടപ്പിലാക്കുമെന്ന് ബജറ്റ് പ്രഖ്യാപനത്തിൽ വ്യക്തമാക്കി. നഗരങ്ങളിലെ വർധിച്ചുവരുന്ന ജനസംഖ്യയും വാഹനപ്പെരുപ്പവും കണക്കിലെടുത്താണ് ദീർഘകാലാടിസ്ഥാനത്തിലുള്ള ഈ വികസന പദ്ധതിക്ക് സർക്കാർ പച്ചക്കൊടി കാട്ടിയത്.


​പദ്ധതിയുടെ പ്രാരംഭ ഘട്ട പ്രവർത്തനങ്ങൾക്കായി ബജറ്റിൽ പ്രാഥമിക തുക വകയിരുത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് ടെക്നോപാർക്ക്, വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പാതയാണ് വിഭാവനം ചെയ്യുന്നത്. കോഴിക്കോട് നഗരത്തിലും മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള പ്രധാന മേഖലകളെ കേന്ദ്രീകരിച്ചാകും മെട്രോ സർവീസ് വരിക.


​കൊച്ചി മെട്രോയുടെ വിജയകരമായ മാതൃക പിന്തുടർന്ന് കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെയും അന്താരാഷ്ട്ര ഏജൻസികളുടെ ധനസഹായത്തോടെയും പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ രണ്ട് നഗരങ്ങളിലും മെട്രോ യാഥാർഥ്യമാകുന്നതോടെ ഐടി, വിനോദസഞ്ചാര മേഖലകൾക്ക് വലിയ ഉണർവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


▪️കേരളം ഏഷ്യയിലെ പ്രധാന വ്യോമയാന ഹബ്ബാകും; നാല് വിമാനത്താവളങ്ങളെ കോർത്തിണക്കി ബൃഹത് പദ്ധതി: 200 കോടി വകയിരുത്തി


കേരളത്തെ ഏഷ്യയിലെ മുൻനിര ഏവിയേഷൻ ലോജിസ്റ്റിക്സ് ഹബ്ബാക്കി (Aviation Logistics Hub) മാറ്റാൻ ലക്ഷ്യമിട്ടുള്ള ബൃഹത്തായ വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാനത്തിന്റെ പുതിയ ബജറ്റിലാണ് വിപ്ലവകരമായ ഈ പ്രഖ്യാപനം. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 200 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.


​സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും (തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ) പരസ്പരം ഏകോപിപ്പിച്ചുകൊണ്ടായിരിക്കും ഈ വികസന കുതിപ്പ് നടപ്പിലാക്കുക. വ്യോമയാന മേഖലയിലെ പുതിയ സാധ്യതകൾക്കൊപ്പം സംസ്ഥാനത്തെ കയറ്റുമതി, ലോജിസ്റ്റിക്സ്, വിനോദസഞ്ചാരം എന്നിവയ്ക്ക് പുതിയ ചിറകുകൾ നൽകാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.


പ്രധാന ആകർഷണങ്ങൾ:

എയ്റോ പാർക്കും എയ്റോ സിറ്റിയും: വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് ആധുനിക സേവന മേഖലകൾ, ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ (GCC), ഹോസ്പിറ്റാലിറ്റി സൗകര്യങ്ങൾ, വ്യോമയാന അനുബന്ധ വ്യാപാര കേന്ദ്രങ്ങൾ എന്നിവയടങ്ങുന്ന 'എയ്റോ പാർക്ക്', 'എയ്റോ സിറ്റി' പദ്ധതികൾ യാഥാർത്ഥ്യമാക്കും.


​പരിശീലന കേന്ദ്രങ്ങൾ: ഡി.ജി.സി.എ (DGCA) മാനദണ്ഡങ്ങൾ അനുസരിച്ചുള്ള അത്യാധുനിക എൻജിനീയറിങ് പരിശീലന സംവിധാനങ്ങളും, പൈലറ്റുമാർക്കായി സിമുലേറ്റർ അധിഷ്ഠിത പരിശീലന കേന്ദ്രങ്ങളും സംസ്ഥാനത്ത് ആരംഭിക്കും.


​കയറ്റുമതിക്ക് ഊന്നൽ: കാർഷിക, മത്സ്യ, ഫാർമസ്യൂട്ടിക്കൽ മേഖലകളിലെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക ഫാർമ കാർഗോ സൗകര്യങ്ങളും സംയോജിത പാക്ക് ഹൗസുകളും വികസിപ്പിക്കും.


​ഗ്ലോബൽ കൺവെൻഷൻ സെന്റർ: കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് (CIAL) അനുബന്ധമായി ആഗോള നിലവാരത്തിലുള്ള ഒരു 'ഗ്ലോബൽ കൺവെൻഷൻ സെന്റർ' സ്ഥാപിക്കും.


​സംസ്ഥാനത്ത് നിലവിലുള്ള നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ ഭൂമിശാസ്ത്രപരമായ സാധ്യതകളെ പൂർണ്ണമായും പ്രയോജനപ്പെടുത്തിക്കൊണ്ട്, ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ വ്യോമയാന ഹബ്ബായി കേരളത്തെ മാറ്റുകയാണ് യു.ഡി.എഫ് സർക്കാരിന്റെ ലക്ഷ്യമെന്ന് വി.ഡി. സതീശൻ കൂട്ടിച്ചേർത്തു. വരും വർഷങ്ങളിൽ വൻതോതിലുള്ള വിദേശ നിക്ഷേപവും തൊഴിലവസരങ്ങളും സൃഷ്ടിക്കാൻ ഈ പദ്ധതി വഴി സാധിക്കുമെന്നാണ് വിലയിരുത്തൽ.

Post a Comment

Thanks

أحدث أقدم