തേഞ്ഞിപ്പലം പ്രസ്സ് റിപ്പോര്ട്ടേഴ്സ് ക്ലബ്ബ് മാധ്യമ സെമിനാറും കുടുംബ സംഗമവും സമാപിച്ചു | ടി വി ഇബ്രാഹിം എം എൽ എ ഉദ്‌ഘാടനം ചെയ്തു

 

ഫോട്ടോ: തേഞ്ഞിപ്പലം പ്രസ്സ് റിപ്പോർട്ടേഴ്സ് ക്ലബ് സംഘടിപ്പിച്ച
മാധ്യമ സെമിനാറും കുടുംബ സംഗമവും ടിവി ഇബ്രാഹിം എംഎൽഎ ഉദ്ഘാടനം നിർവഹിക്കുന്നു

ചേളാരി | വായനക്കാരെ ആകർഷിപ്പിക്കാൻ വാർത്തകൾ വളച്ചൊടിക്കപ്പെടുന്ന കാലത്ത് സത്യസന്ധമായ മാധ്യമ പ്രവർത്തകന് സമൂഹത്തിലുള്ള അംഗീകാരം വളരെ വലുതാണെന്ന് നിയുക്ത എം എൽ എ ടി വി ഇബ്രാഹിം അഭിപ്രായപ്പെട്ടു. വള്ളിക്കുന്ന് ബാലാ തുരുത്തിയിലെ മിയാമി ഓഡിറ്റോറിയത്തിൽ വെച്ച് തേഞ്ഞിപ്പലം പ്രസ്സ് റിപ്പോര്ട്ടേഴ്സ് ക്ലബ്ബ് സംഘടിപ്പിച്ച മാധ്യമ സെമിനാറും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്ര പ്രവർത്തനം എന്നു പറയുന്നത് രാഷ്ട്ര ധർമ്മവും രാഷ്ട്രത്തോട് ചെയ്യുന്ന നീതിയും സാമൂഹ്യ ധർമ്മവുമാണ്. അതോടൊപ്പം ഏറ്റവും പ്രയാസകരമായ ഒരു ജോലിയുമാണ്. ഭരണഘടന മൂല്യങ്ങളോടും ഭരണഘടനയുടെ സംരക്ഷണത്തിനും മാധ്യമപ്രവർത്തകർ നൽകിവരുന്ന പങ്ക് വളരെ വലുതാണ്. നമ്മുടെ രാജ്യത്ത് ഒരു ഭരണഘടനയുണ്ട്. ഈ ഭരണ ഘടനയുടെ മൂല്യങ്ങൾ ലംഘിക്കപ്പെടുമ്പോൾ അത് തെറ്റാണെന്ന് വിളിച്ചു പറയുകയും അത് പൊതു സമൂഹത്തിന്റെ മുന്നിലേക്ക് കൊണ്ട് വരുന്നതും പത്രക്കാരാണെന്നും അത് യഥാർഥ പത്ര ധർമ്മവുമാണെന്നും അദ്ദേഹം പറഞ്ഞു. 


പ്രസ്സ് റിപ്പോർട്ടേഴ്സ് ക്ലബ്ബ് പ്രസിഡന്റ് എം മോഹന കൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം എൽ എക്കുള്ള പ്രസ്സ് ക്ലബ്ബിന്റെ സ്‌നേഹോപഹാരം പ്രസിഡന്റ് സമ്മാനിച്ചു. ഗ്രാമ പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ട പ്രസ്സ് ക്ലബ്ബ് വൈസ് പ്രസിഡന്റ് മുസ്തഫ പള്ളിക്കലിനുള്ള സ്‌നേഹോപഹാരം എം എൽ എ സമ്മാനിച്ചു. കാലിക്കറ്റ് സർവകലാശാല പി ആർ ഒ സി കെ ഷിജിത്ത് മുഖ്യ പ്രഭാഷണം നടത്തി. പ്രസ്സ് റിപ്പോർട്ടേഴ്സ് ക്ലബ്ബ് ട്രഷറർ സി എം മുസ്തഫ ചേലേമ്പ്ര ആമുഖ ഭാഷണം നടത്തി. ജനറൽ സെക്രട്ടറി എൻ എം കോയ പള്ളിക്കൽ സ്വാഗതം പറഞ്ഞു. പി പ്രശാന്ത് കുമാർ,എൻ ടി മുഹമ്മദ് സിയാദ്, സി പ്രവീൺ കുമാർ, മുസ്തഫ പള്ളിക്കൽ, മുജീബ് ചേളാരി സംസാരിച്ചു. കുടുംബ സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കലാവിരുന്നിന് റഷീദ് കൂനോൾമാട് നേതൃത്വം നൽകി. കണ്ടൽക്കാടുകൾക്കിടയിലൂടെയുള്ള തോണി യാത്രയോടെയാണ് സംഗമം സമാപിച്ചത്.


Post a Comment

Thanks

أحدث أقدم