അനധികൃത മണല്‍ക്കടത്ത് തടയാന്‍ ശ്രമിച്ച പൊലിസുകാരെ ലോറിയിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റിൽ


തിരൂർ: അനധികൃത മണല്‍ക്കടത്ത് തടയാന്‍ ശ്രമിച്ച പൊലിസുകാരെ ലോറിയിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതിയെ തിരൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു. പുതിയ കടപ്പുറം മുത്താട്ട് വീട്ടില്‍ റാസിഖ് (29) ആണ് പിടിയിലായത്.


തിരൂര്‍ സ്റ്റേഷനിലെ എസ്.ഐ അനീഷ്, എസ്.സി.പി.ഒ കെ.ആർ രാജേഷ്, സി.പി.ഒ ടോണി വര്‍ഗീസ് എന്നിവരെയാണ് ലോറി ഇടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പൊലിസ് അറിയിച്ചു.


ഭാരതപ്പുഴയുടെ ഭാഗങ്ങളില്‍ അനധികൃത മണല്‍ക്കടത്ത് തടയുന്നതിനായി പൊലിസ് സംഘം യൂണിഫോമില്‍ പട്രോളിങ് ഡ്യൂട്ടിയിലിരിക്കെയാണ് സംഭവം. അനധികൃതമായി മണല്‍ കയറ്റി കൂട്ടായി ഭാഗത്തുനിന്ന് വന്ന ലോറി പൊലിസ് തടയാന്‍ ശ്രമിച്ചു.


എസ്.ഐയും സംഘവും കൈകാണിച്ചതിനെ തുടര്‍ന്ന് പ്രതി ലോറി  പൊലീസുകാരുടെ നേരെ ഓടിച്ചുകയറ്റാന്‍ ശ്രമിക്കുകയും തുടര്‍ന്ന് വാഹനവുമായി രക്ഷപ്പെടുകയും ചെയ്യുകയായിരുന്നു. 


ലോറിയെ പിന്തുടര്‍ന്ന പൊലിസിനെ തടയാന്‍ ലോറിയുടെ പിന്‍ഭാഗം ഉയര്‍ത്തി മണല്‍ റോഡിലേക്ക് തട്ടിയിട്ട് പൊലിസ് വാഹനത്തിന് അപകടമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും കൊലപാതകശ്രമം നടത്തുകയും ചെയ്തുവെന്നാണ് പൊലിസ് കേസ്.

Post a Comment

Thanks

Previous Post Next Post