സൗദി ജയിലില്‍ നിന്ന് മോചിതനായ അബ്ദുല്‍ റഹിം നാട്ടിലെത്തി



ദിയാധനം നൽകിയതിനാൽ വധശിക്ഷ ഒഴിവാക്കപ്പെടുകയും തടവുകാലം പൂർത്തിയാക്കുകയും ചെയ്‌തതോടെ സൗദി ജയിലിൽ നിന്ന് സ്വതന്ത്രനായ കോഴിക്കോട് ഫറോഖ് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീം നാട്ടിലെത്തി. സമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരാണ് അബ്‌ദുൽ റഹീമിനെ വിമാനത്തിൽ അനുഗമിച്ചത്. ഇന്ന് രാവിലെയാണ് അബ്‌ദുൽ റഹിം കരിപ്പൂരിൽ വിമാനം ഇറങ്ങിയത്.


വലിയ പെരുന്നാൾ ദിവസമാണ് അബ്ദു‌ൽ റഹീം തന്റെ വൃദ്ധമാതാവിനടുത്തേക്ക് എത്തിയത് എന്നത് മറ്റൊരു സന്തോഷമായി. ഇരുപതു വർഷം നീണ്ട ജയിൽ ജീവിതത്തിനു ശേഷമാണ് അബ്‌ദുൽ റഹീം മോചിതനായത്. ദിയാധനം നൽകിയ ശേഷവും റഹീമിന്റെ മോചനം നീണ്ടതോടെ ഏതാനും മാസം മുമ്പ് സൗദിയിലെത്തി റഹീമിൻ്റെ മാതാവ് മകനെ ജയിലിൽ സന്ദർശിച്ചിരുന്നു.


ഇതിനു ശേഷവും നിരവധി തവണ കോടതി റഹീമിന്റെ കേസ് പരിഗണിക്കുന്നത് നീട്ടിവച്ചിരുന്നു. ഒടുവിൽ 20 വർഷത്തെ തടവ് പൂർത്തിയാക്കിയ ശേഷം മോചനമുണ്ടാവുമെന്ന സ്ഥിരീകരണമുണ്ടായി. കഴിഞ്ഞദിവസമാണ് റഹീമിൻ്റെ ശിക്ഷ പൂർത്തിയായത്.

ഡ്രൈവർ ജോലിക്കായി സൗദിയിലെത്തുകയും കഴുത്തിന് കീഴ്പ്പോട്ടു തളർന്ന ബാലന്റെ മരണത്തിന് കാരണക്കാരനാവുകയും ചെയ്ത അബ്ദുൽ റഹീം നീണ്ട 20 വർഷത്തിനു ശേഷമാണ് ഇതാദ്യമായി നാട്ടിൽ തിരികെയെത്തുന്നത്.


Post a Comment

Thanks

Previous Post Next Post