തിരൂരങ്ങാടി: നിയമനം തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലും ജോലി സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ആണെങ്കിലും ജോലി സ്ഥിരതയും ശമ്പള വർധനവും സർക്കാരിന്റെ മറ്റ് ആനുകൂല്യങ്ങളും ഇത് വരെ ലഭിക്കാത്ത പ്രൈമറി കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്സുമാരുടെ പ്രശ്നങ്ങളിൽ പഠനം നടത്തി അനുഭാവ പൂർവ്വം പരിഗണിക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.എം.ഷാജി പറഞ്ഞു. കേരള പ്രൈമറി കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്സസ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
പത്തൊമ്പത് വർഷം മുമ്പ് തദ്ദേശ സ്ഥാപനങ്ങളിൽ പാലിയേറ്റീവ് കെയർ പ്രൊജക്റ്റ് പ്രകാരം ആരംഭിച്ച പാലിയേറ്റീവ് കെയർ സംവിധാനത്തിൽ ഓരോ തദ്ദേശ സ്ഥാപനത്തിലും ഒരു പാലിയേറ്റീവ് നഴ്സിനെയാണ് നിയമിക്കുക. ജനസംഖ്യ കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ രണ്ട് വരെ നഴ്സുമാരുണ്ടാവും.തദ്ദേശ സ്ഥാപന പരിധിയിലെ കിടപ്പ് രോഗികളെ അവരുടെ വീടുകളിലെത്തി പരിചരിക്കുകയാണ് ഇവരുടെ ദൗത്യം. എന്നാൽ പാലിയേറ്റീവ് നഴ്സുമാരെ കരാറടിസ്ഥാനത്തിലാണ് നിയമിക്കുന്നത്. അത് കൊണ്ട് അവർക്ക് തുഛമായ ഓണറേറിയമല്ലാതെ മറ്റൊരു ആനുകൂല്യവും ലഭിക്കുന്നുമില്ല.
പത്തും പതിനഞ്ചും വർഷമായിട്ടും സ്ഥിര നിയമനമോ ശമ്പള വർധനവോ സർക്കാരിന്റെ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാത്ത പ്രൈമറി പാലിയേറ്റീവ് നഴ്സുമാർക്ക് സ്ഥിര നിയമനം നൽകുക, സർവ്വീസ് കാലം പരിഗണിച്ച് ശമ്പള വർധനവ് നടത്തുക, പി .എഫ് , ഇ.എസ്.ഐ, ഇൻഷൂർ, പെൻഷൻ തുടങ്ങിയ ആനുകൂല്യങ്ങൾ നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രൈമറി പാലിയേറ്റീവ് നഴ്സസ് ഭാരവാഹികൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറ, ജനറൽ സെക്രട്ടറി സുനിത പി.ടി, ട്രഷറർ സജ്ന തയ്യിൽ , ഭാരവാഹികളായ അമ്പിളി വേങ്ങര, വനജ കണ്ണമംഗലം എന്നിവർ സംബന്ധിച്ചു.
ഫോട്ടോ: പ്രൈമറി കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്സസ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.എം.ഷാജിക്ക് നിവേദനം നൽകുന്നു.
إرسال تعليق
Thanks